ബഹളംവച്ച് യുവതി; തട്ടിക്കൊണ്ടു പോകൽ നാടകത്തിൽ 2 പേർ അറസ്റ്റിൽ

arrest

മദ്യലഹരിയിൽ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയ 3 അംഗ സംഘത്തെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപിച്ചു. കുരിശുപാറ റിസോർട്ടിൽ മുറിയെടുത്ത സ്ത്രീ ഉൾപ്പെടുന്ന 3 അംഗ സംഘമാണ് പൊല്ലാപ്പിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ സ്വദേശി ജോബി (35), ആലപ്പുഴ സ്വദേശി പ്രവീൺ രാജ് (34) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. റിസോർട്ടിൽനിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഇവർ കാറിൽ അടിമാലിക്ക് പോയി. കല്ലാർ ഭാഗത്ത് എത്തിയപ്പോൾ കാർ തകരാറിലായി. ഇതോടെ യുവാക്കൾ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞു യുവതി ബഹളം വച്ചു. നാട്ടുകാർ വാഹനം തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചു. അടിമാലിയിൽനിന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുരിശുപാറയിലെ റിസോർട്ടിൽ എത്തി തെളിവെടുപ്പ് നടത്തി.

എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവർ മൊഴി നൽകി. ഇതിനിടെ ലഹരി വിട്ടതോടെ താൻ തമാശ പറഞ്ഞതാണെന്നു യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ യുവാക്കളെ വൈദ്യപരിശോധന നടത്തിയ പൊലീസ് കേസെടുത്തു.