‘വെള്ളത്തിന് ആരും വഴി കാട്ടേണ്ട...

kannoor

 കൂത്തുപറമ്പ് ∙ ‘വെള്ളത്തിന് ആരു വഴി കാട്ടേണ്ട..... വെള്ളം അതിന്റെ വഴിക്ക് പോകും’. കെഎസ്ടിപി റോഡ് പ്രവൃത്തി പുരോഗമിക്കുമ്പോൾ വെള്ളക്കെട്ടും പ്രയാസങ്ങളും പരിഹരിക്കാൻ ഇടപെട്ടവരോട് കെഎസ്ടിപിയുടെയും കരാറുകാരുടെയും പ്രതികരണമായിരുന്നു ഇത്. മഴ കനത്തൊന്ന് പെയ്താൽ തൊക്കിലങ്ങാടിയിൽ ആർഎൻ മൂവീസ് പരിസരത്ത് റോഡിൽ വെള്ളമുയർന്ന് സമീപത്തെ ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കാൻ കഴിയാത്ത സാഹചര്യമാണ്

ഇവിടുത്തെ ദുരിതം വിവരിക്കുന്നതിനിടെയാണ് തങ്ങളോട് ബന്ധപ്പെട്ടവർ നടത്തിയ പ്രതികരണം നാട്ടുകാർ വിവരിച്ചത്. റോഡിൽ നിറഞ്ഞ ചെളിവെള്ളം മറുഭാഗത്തെ സ്വകാര്യ നഴ്സറിയുടെ സ്ഥലത്ത് കൂടെ കുത്തിയൊഴുകി പോകുന്ന കാഴ്ച കാണാൻ ഇപ്പറഞ്ഞവരാരും ഇവിടെയില്ലല്ലോ എന്നായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. 3 ദിവസമായി ഇവിടെ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ടില്ല.

ഇവിടെയുള്ള കലുങ്കിനുള്ളിൽ മണ്ണും മാലിന്യവും നിറ‍ഞ്ഞ് നിൽക്കുന്നതിനാൽ സമീപത്തെ തോടിലൂടെയും ഓടയിലൂടെയും ഒഴുകിയെത്തുന്ന വെള്ളം കലുങ്കിലൂടെ ഒഴുകി പോകുന്നില്ല. കലുങ്ക് ശുചീകരിച്ചാൽ തന്നെ ഇവിടെയുള്ള വെള്ളക്കെട്ടിന് ഒരുപരിധി വരെ പരിഹാരമാകും. മെയിൻ റോഡ‍ിൽ മൂര്യാട് റോ‍ഡ് കവലയ്ക്ക് സമീപം പാലത്തുങ്കരയാണ് വെള്ളക്കെട്ടിന്റെ മറ്റൊരു പ്രധാനകേന്ദ്രം.

ഇവിടെയും വെള്ളം കൃത്യമായി ഓടയിലേക്ക് ഇറങ്ങുന്നില്ല. മണ്ണ് നിറഞ്ഞ ഓട ശുചീകരിക്കണമെങ്കിൽ മുകളിൽ പാകിയ തറയോട് പൊട്ടിച്ച് സ്ലാബ് മാറ്റണം. ഇക്കാരണത്താൽ മണ്ണ് നീക്കം ചെയ്യാൻ കഴയുന്നില്ല. മൂര്യാട് റോഡ് കവല പിന്നിടുന്ന സ്ഥലത്ത് മെയിൻ റോഡിൽ കലുങ്കുണ്ട്. ഈ കലുങ്ക് അടഞ്ഞ് കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമാവുകയാണ്. ഓടയിലെ മണ്ണ് നീക്കി കലുങ്ക് ശുചീകരിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാകും.

തലശ്ശേരി മുതൽ വളവുപാറ വരെ ഒരേ വലിപ്പവും ആകൃതിയുമുള്ള റെഡിമെയ്ഡ് കോൺ്ക്രീറ്റ് ഓടയാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഓരോ സ്ഥലത്തെയും ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവും വെള്ളം ഒഴുക്കി വിടേണ്ട ചാലുകളും കണക്കാക്കി ആവശ്യമായ ആഴവും ക്രമീകരണവും നടത്താത്തതാണ് വെള്ളം റോഡിലൂടെ കുത്തി ഒഴുകുന്നതിന് കാരണമാകുന്നത്. ഇടറോഡുകളിൽ നിന്നുള്ള വെള്ളം മുഴുവൻ റോഡിലൂടെ പരന്നൊഴുകുകയാണ്. ഇവിടെയും വെള്ളം ഓടയിലേക്ക് ഇറങ്ങാൻ സംവിധാനമില്ല.

തൊക്കിലങ്ങാടിക്കും മാവേലി ജംക്ഷനും മധ്യേയും അർബൻ ബാങ്കിന് മുൻവശവുമായി കനത്ത വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട്. മെയിൻ റോഡിൽ കണ്ണൂർ റോഡ് കവലയിലും കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കും. പാറാലിൽ നിർദിഷ്ട ബസ് സ്റ്റാൻഡ് സൈറ്റ് പരിസരത്തും പാറാലിൽ യുപി സ്കൂൾ പരിസരത്തും പൂക്കോട് ടൗണിലുമെല്ലാം അശാസ്ത്രീയമായ ഓടയുടെ ഫലമായി റോഡിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്. പല ഭാഗത്തും റോഡിൽ നിറയുന്ന വെള്ളം ഓടയിലേക്ക് ഇറക്കാൻ സംവിധാനമില്ല എന്നതാണ് പ്രശ്നം