ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

kasargod
 

കാസർകോട് ∙ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് ജില്ലയിൽ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു.

ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായ കൃഷി നാശമുണ്ടായി. വീടുകൾക്കും കേടുപാടുകളുണ്ടായി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 72.575 മില്ലി മീറ്റർ മഴ ലഭിച്ചു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കുമ്പള കോയിപ്പാടി കടപ്പുറത്ത് തെങ്ങുകൾ കടപുഴകി വീണു ട്രാൻസ്ഫോമറും 5 വൈദ്യുതി തൂണുകളും തകർന്നു. 

90 ദിവസം പെയ്യേണ്ട മഴ 

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴയാണ് തുലാവർഷമായി കണക്കാക്കുന്നത്. ഈ 3 മാസം കൊണ്ട് കാസർകോട് ജില്ലയിൽ ശരാശരി പെയ്യുന്നത് 344 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഈ മാസം 13 ദിവസം പിന്നിടുമ്പോൾ ലഭിച്ചത് 356 മില്ലിമീറ്റർ മഴ. 90 ദിവസം കൊണ്ട് പെയ്യേണ്ട മഴയാണ് ജില്ലയിൽ കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ ലഭിച്ചത്. ഈ കാലത്തെ സംസ്ഥാന ശരാശരി 492 മില്ലിമീറ്റർ മഴയാണ്.

സംസ്ഥാനത്ത് 13 ദിവസം കൊണ്ട് പെയ്തത് 293 മില്ലി മീറ്റർ മഴ. തുലാവർഷത്തിൽ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 ദിവസത്തിനുള്ളിൽ പെയ്തു കഴിഞ്ഞു. തുടർച്ചയായ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കാലവർഷം ഇതുവരെ ദക്ഷിണേന്ത്യയിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. തുലാവർഷം സംസ്ഥാനത്ത് കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ സൂചന നൽകിയിരുന്നു.

കൃഷി നാശം വ്യാപകം

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നെൽക്കൃഷിക്കാണ് ഏറ്റവും വ്യാപകമായ നാശമുണ്ടായത്. കാഞ്ഞങ്ങാട് മേഖലയിൽ ആവിയിൽ, ഞാണിക്കടവ്, കാരാട്ട് വയൽ, നിലാങ്കര, ഉപ്പിലിക്കൈ, പുതുക്കൈ, ബല്ലത്ത്, നെല്ലിക്കാട് എന്നിവിടങ്ങളിലെ കൊയ്യാറായ നെല്ലാണ് വെള്ളം കയറി നശിച്ചത്. പെർളടുക്ക കൊളത്തൂർ വരിക്കുളത്ത് കൊയ്തിട്ട നെല്ല്  മഴയിൽ നശിച്ചു. കൊയ്ത കറ്റ മെതിക്കുന്നതിനായി ഉണങ്ങാൻ പാടത്ത് നിരത്തിയിട്ടിരിക്കുകയായിരുന്നു. വിവിധ മേഖലകളിലെ നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ചു വരുകയാണെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. 

ജാഗ്രതാ നിർദേശം 

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടത്തെ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കണമെന്നും അധികൃതർ പറഞ്ഞു.