വീണ്ടും മനുഷ്യക്കടത്ത് ;ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശികള്‍ കൊല്ലത്ത് പിടിയിൽ

arrest
 

 ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട ശ്രീലങ്കന്‍ സ്വദേശികള്‍ കൊല്ലത്ത്  വീണ്ടും പിടിയിലായി. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്.വാടി കടപ്പുറം ഭാഗത്തു നിന്നാണ് അവര്‍ പിടിയിലായത്. ബീച്ചും ലൈറ്റ് ഹൗസും കാണാന്‍ എത്തിയവരാണെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ വിദേശത്തേക്ക് കടക്കാനെത്തിയവരാണെന്ന് പറഞ്ഞത് . 

കൂടുതല്‍ പേര്‍ തങ്ങള്‍ താമസിച്ചിടത്ത് ഉണ്ടായിരുന്നതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ശ്രീലങ്കന്‍ സ്വദേശികളെ കേരളത്തിലെത്തിച്ചത്. 

കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി എത്തിച്ച 11 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ കടത്തുന്നതിന് മനുഷ്യക്കടത്തുസംഘം രണ്ടരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്.