കൊല്ലം അഞ്ചലിലെ അർപ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്; നടപടി അന്തേവാസിയെ മർദിച്ചതിന്

kollam arpitha snehalayam

കൊല്ലം: കൊല്ലം അഞ്ചലില്‍ അന്തേവാസിക്ക് മര്‍ദനമേറ്റ കേസില്‍ അനാഥമന്ദിരം അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്. ആശ്രയ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അന്തേവാസികളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ സാമുഹിക നീതിവകുപ്പിന് നിർദ്ദേശം നല്‍കി. അന്തേവാസിയെ മര്‍ദിച്ചതിന് സ്ഥാപനം ചെയര്‍മാനെതിരെ കേസെടുത്തിരുന്നു. 

ആശ്രയ കേന്ദ്രത്തിൻ്റെ പ്രവർത്തനം നിർത്തണമെന്ന നിർദ്ദേശം അഞ്ചൽ വില്ലേജ് ഓഫിസർ സ്‌നേഹാലയം ഭാരവാഹികൾക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹികനീതി വകുപ്പിനും നിർദേശം നൽകി. 

ഓർഫനേജ് ബോർഡ്, സാമൂഹിക നീതി വകുപ്പ്, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ആശ്രയ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനിൽക്കുന്നുവെന്നുമുള്ള റിപ്പോർട്ടിൻ്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ആശ്രയ കേന്ദ്രം അന്തേവാസിയായ വയോധികയെ സ്ഥാപന ഉടമ ടി സജീവൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥാപനത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നാലെ സജീവനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദത്തിൽ സ്ഥാപന ഉടമ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.