തോമസ് ജോർജ്ജ് മാസ്റ്റേഴ്സ് വോളിബാൾ അസോസിയേഷൻ ജില്ലാ ചെയർമാൻ

thomas george


കോട്ടയം: മാസ്റ്റേഴ്സ് വോളിബാൾ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ ചെയർമാനായി തോമസ് ജോർജ്ജ് (സണ്ണി) നെ തെരഞ്ഞെടുത്തു. ഒളിമ്പിക് അസോസിയേഷന്റെ നിർദേശ പ്രകാരമാണ്  മാസ്റ്റേഴ്സ് വോളിബാൾ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് തോമസ് ജോർജ്ജ്.

1975 ൽ ജി വി രാജ സ്പോർട്സ് സ്‌കൂളിന്റെ ആദ്യ ബാച്ചിൽ അംഗമായിട്ടായിരുന്നു തോമസ് ജോർജ്ജിന്റെ തുടക്കം. ജൂനിയർ നാഷണൽ, സീനിയർ നാഷണൽ ടീമുകളിൽ ഇടംപിടിക്കാനും അദ്ദേഹത്തിനായി. പിന്നീട് കെഎസ്‌ഇബിയിലെത്തിയ തോമസ് ജോർജ്ജ് ഡെപ്യൂട്ടേഷനിൽ മുൻ എംഎൽഎ പി.സി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഇക്കാലയളവിലെല്ലാം തന്നെ വോളിബാൾ ഒരു ആവേശമായി തോമസ് ജോർജ്ജിന് ഒപ്പമുണ്ടായിരുന്നു.

കൂടുതൽ മേഖലകളിലേക്ക് വോളിബാൾ എത്തിക്കുകയും യുവാക്കളെ വോളിബാൾ കളിയിലേക്ക് ആകർഷിക്കുകയുമാണ് മാസ്റ്റേഴ്സ് വോളിബാൾ അസോസിയേഷന്റെ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റാൻ താൻ പരമാവധി പരിശ്രമിക്കുമെന്ന് തോമസ് ജോർജ്ജ് അന്വേഷണം ന്യൂസിനോട് പറഞ്ഞു. അതുപോലെ തന്നെ മുൻകാല താരങ്ങളെ മാസ്റ്റേഴ്സ് മത്സരങ്ങളിൽ ഇറക്കുന്നതിനും അവരെ വോളിബാൾ രംഗത്ത് സജീവമാക്കുന്നതിനും താൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.