കോഴിക്കോട് സിക വൈറസ് സ്ഥിരീകരിച്ചു

 sika virus

കോഴിക്കോട്: ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂർ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു. രോഗവിമുക്തയായ ഇവരിപ്പോൾ വീട്ടിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. 

നവംബർ 17നാണ് ഇവർ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്. വയറുവേദന ഉൾപ്പടെയുള്ള അസ്വസ്ഥതകൾ അനുഭവട്ടെപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും സിക്ക സ്ഥിരീകരിക്കുകയായിരുന്നു. ഒരു മണിക്കൂർ മാത്രമാണ്​ ഇവർ ആശുപത്രിയിൽ ഉണ്ടായത്​. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ആശുപത്രിയിൽ ഇവർ എത്തിയ ഇടം അണുമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങൾക്കോ ഒപ്പമുണ്ടായിരുന്നവർക്കോ വൈറസ്​ ബാധ ഉണ്ടായിട്ടില്ല.

കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക വൈറസ്. ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ‌1952 ൽ മനുഷ്യരിലും കണ്ടെത്തി. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.