ബക്രീദ്; ആരാധനാലയങ്ങളില്‍ 40 പേര്‍ മാത്രം; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ കര്‍ശന നടപടി: മലപ്പുറം കളക്ടര്‍

mosq

മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍‍. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍  എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ സ്ഥലത്ത് കൂടാന്‍ പാടുള്ളൂ. ഇവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, വാക്സിനേഷന്‍ നടത്തിയവരോ ആയിരിക്കണം. ബലികര്‍മ്മം നടത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്.

ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍ പാടില്ല.

കടകളില്‍ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.