ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നാളെ; ചടങ്ങുകൾക്ക് ഇന്ന് തുടക്കം

w

കോഴഞ്ചേരി: പ്രശസ്തമായ ആറന്മുള അഷ്മിരോഹിണി വള്ളസദ്യയ്ക്ക് ഇന്ന് അടുപ്പിലേക്ക് അഗ്നി പകരും. സാധാരണയായി സമൂഹസദ്യയും 52 പള്ളിയോടങ്ങൾക്കുള്ള വള്ളസദ്യയും ചേർന്ന് 350 പറ അരിയുടെ ചോറും അതിന്റെ വിഭവങ്ങളുമാണ് തയാറാക്കുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് പള്ളിയോടങ്ങളിലായി എത്തുന്ന 40 പേർക്ക് മാത്രമാാണ് ഇത്തവണ സദ്യ ഒരുക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. 

പള്ളിയോടങ്ങളിൽ എത്തുന്നവർ വാക്സിൻ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കും. ഇത്തവണ വള്ളസദ്യ ഒരുക്കുന്നത് ചെറുകോൽ സോപാനം സി. കെ. ഹരിശ്ചന്ദ്രനാണ്.അഷ്ടമിരോഹിണി വള്ളസദ്യ നാളെ ഉച്ചപൂജയ്ക്ക് ശേഷം നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. മാരാമൺ, കീഴ് വന്മഴി, കോഴഞ്ചേരി എന്നീ പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യാ ദിവസം വാഹനങ്ങൾ കിഴക്കേനടയിൽ പ്രവേശിക്കുന്നതിന് ഉൾപ്പെടെ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ചേനപ്പാടി സംഘത്തിന് സ്വീകരണം

കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്ന് പാളത്തൈരുമായി എത്തുന്ന ഭക്തർക്ക് ഇന്ന് രാവിലെ 10.30ന് തൈര് സമർപ്പണം നടത്തും. ആഘോഷമായി എത്തിയിരുന്ന ഭക്ത സംഘം ഇത്തവണയും ചടങ്ങിന് മാത്രമാണ് എത്തുന്നത്.  കഴിഞ്ഞ വർഷം 5 പാള പാത്രങ്ങലുള്ള തൈരാണ് പാർഥസാരഥി ക്ഷേത്രത്തിലെത്തിച്ചത്. ചേനപ്പാടി സംഘത്തെ സ്വീകരിക്കുന്നതിന് ആൾ തിരക്ക് ഉണ്ടാവാതെ ചടങ്ങ് മാത്രമായാണ് നടത്തുന്നത്.