ലോക്ക്ഡൗണ്‍ ഇളവുകള്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനനടപടി

vc

പത്തനംതിട്ട; പെരുന്നാളുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ഇളവുകളുടെ കാര്യത്തില്‍, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇളവുകളുള്ള ഈ ദിവസങ്ങളില്‍ കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും എസ്എച്ച്ഒമാരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ച് രോഗവ്യാപന സാധ്യത തടയാന്‍ വേണ്ട ജാഗ്രത നിലനിര്‍ത്തുന്നതിന് പോലീസ് ഇടപെടുന്നുണ്ട്.