തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്

thiruvananthapuram
 

തിരുവനന്തപുരം ∙ തലസ്ഥാന വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്. ഇന്നലെ രാത്രി 12 നാണ് എയർപോർട്ട് അതോറിറ്റി നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയത്. എയർപോർട്ട് അതോറിറ്റി റീജനൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. മാധവൻ, എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, അദാനി ഗ്രൂപ്പിന്റെ ചീഫ് എയർപോർട്ട് ഓഫിസർ ജി.മധുസൂദന റാവ,ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രഭാസ് മഹാപത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈമാറ്റ നടപടികൾ.

തുടർന്ന് ഇന്റർനാഷനൽ ടെർമിനലിലെ വേദിയിൽ കലാപരിപാടികളും അരങ്ങേറി. കൈമാറ്റത്തിനു മുന്നോടിയായി വിമാനത്താവളം വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം ടെൻഡർ വഴിയാണ് തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു ലഭിച്ചത്.  സർക്കാരും എയർപോർട്ട് അതോറിറ്റി ജീവനക്കാരും കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഏറ്റെടുപ്പ് നീണ്ടു പോകുകയായിരുന്നു.

അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവാഹത്തി, ജയ്പുർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഇതിനകം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു .തിരുവനന്തപുരം വഴി യാത്ര ചെയ്യുന്ന ഓരോരുത്തർക്കും 168 രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണമെന്നാണു കരാർ. ഏറ്റെടുപ്പു നടപടി പൂർത്തിയായെങ്കിലും അതോറിറ്റിയുടെ പങ്കാളിത്തത്തോടെ തന്നെയാവും അടുത്ത ഏതാനും മാസങ്ങളിലെ നടത്തിപ്പ്. ജീവനക്കാർക്ക് 3 വർഷം കൂടി നിലവിലെ ജോലിയി‍ൽ തുടരാം.

അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം. എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള ചുമതലകൾ എയർപോർട്ട് അതോറിറ്റി തന്നെയായിരിക്കും നിർവഹിക്കുക. നടത്തിപ്പ്കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാരും എയർപോർട്ട് എംപ്ലോയീസ് യൂണിയനും നൽകിയ പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.