വ്യാപാരികള്‍ക്ക് എതിരെ ഭീഷണി മുഴക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം; കെ.ബാബു എംഎല്‍എ

k babu

തിരുവനന്തപുരം: കേരളത്തിലെ കാല്‍  കോടിയിലേറെ വ്യാപാരി വ്യവസായികളെ  എരിതീയില്‍ നിന്ന്  വറചട്ടിയിലേക്ക്  നിര്‍ദാക്ഷണ്യം വലിച്ചെറിയുന്ന  മുഖ്യമന്ത്രി പിണറായിവിജയന്റെ  ക്രൂര സമീപനം ഒരു ജനാധിപത്യ വ്യവസ്ഥയില്‍  വെച്ച് പൊറുപ്പിക്കാനാവുന്നതല്ല എന്ന് കോണ്‍ഗ്രസ് നിയമസഭകക്ഷി ഉപനേതാവ് കെ.ബാബു എം.എല്‍.എ .
 
ഭൂമുഖമാകെ പിടിച്ച് കുലുക്കി  കോടിക്കണക്കിന് ജനങ്ങളെ  നരകയാതനയിലേക്ക്  തള്ളിവിടുന്ന  മഹാമാരിയുടെ ഭീഷണിയില്‍  നിന്ന്  രക്ഷ തേടുന്നവരോടാണ്  മുഖ്യമന്ത്രിയുടെ  ഈ  ദാര്‍ഷ്ട്യ സമീപനം. ഈ മുഖ്യമന്ത്രി  ഭരണയന്ത്രം തിരിക്കുന്ന സംസ്ഥാനത്തുമാത്രമാണ്  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍  കൊവിഡ്  രോഗികളും കൂട്ടമരണങ്ങളും  എന്നതും  ശ്രദ്ധേയമാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും  ഈ ഭീഷണിയില്‍  നിന്ന് മോചനം നേടാനുള്ള എല്ലാം ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സര്‍ക്കാരിനൊപ്പമുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മഹാമാരിയുടെ കാലത്ത് പ്രതിപക്ഷ ബഹുമാനമില്ലാത്ത   മുഖ്യമന്ത്രിയാണ്  കേരളം ഭരിക്കുന്നതെന്ന  വിവേചനമൊന്നും  കോണ്‍ഗ്രസ് കാണിക്കില്ല. ഒരു നാട്ടുപ്രമാണിയുടെ നാക്കും വാക്കുമായി  കഴിയുന്ന മുഖ്യമന്ത്രിയെ  ജനാധിപത്യത്തിന്റെ  ഭാഷ പഠിപ്പിക്കാന്‍ ജനങ്ങള്‍ക്ക്  അറിയാത്തതല്ല.    മുഖ്യമന്ത്രിയുടെ  കല്‍പ്പനകള്‍  മാത്രം അനുസരിച്ച്  72   ദിവസമായി കടകള്‍  അടച്ചിട്ട്  ഉപജീവനമാര്‍ഗം ഇല്ലാതെ കാല്‍  കോടി വ്യാപാരികള്‍ പൊറുതി  മുട്ടുന്നത്  അവരുടെ കുറ്റം കൊണ്ടാണോ എന്ന് കെ. ബാബു ചോദിച്ചു.

മഹാമാരി നേരിടുന്നതിന്  ഈ സര്‍ക്കാര്‍ സ്വീകരിച്ച  ഭ്രാന്തന്‍  നടപടികള്‍  സാര്‍വത്രികമായ  വിമര്‍ശങ്ങള്‍ക്ക്  ഇരയായിട്ടും   മുഖ്യമന്ത്രിക്ക്  ഒരു കുലുക്കവുമില്ല. നാറാണത്ത്  ഭ്രാന്തന്റെ  അവസ്ഥയിലാണ് ഈ മുഖ്യമന്ത്രി .   ' തന്റെ കല്‍പ്പന അനുസരിച്ച് നിന്നില്ലെങ്കില്‍ അവരെ നേരിടുമെന്നും അത് മനസിലാക്കി കളിച്ചാല്‍ മതിയെന്നും' ഈ ഘട്ടത്തിലും   ഭീഷണിമുഴക്കുന്ന  ഒരു മുഖ്യമന്ത്രി കേരളത്തിനു അപമാനമാണ് എന്ന് കെ.ബാബു പറഞ്ഞു. എത്ര  കഠിന ഹൃദയനാണ്  ഈ മുഖ്യമന്ത്രി നിങ്ങള്‍ എന്നെ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ ഒരു മുഴം  കയറില്‍ ജീവിതം  അവസാനിപ്പിച്ചുകളയും  എന്നുംകൂടി പറയാതിരുന്നത് ഭാഗ്യം എന്ന് കെ.ബാബു പരിഹസിച്ചു.

അങ്ങിനെ വ്യാപരികളെക്കൊണ്ട്  'ക്ഷ'  എഴുതിച്ചുകളയാമെന്നു അഹങ്കരിച്ചാല്‍,  മുഖ്യമന്ത്രി അതങ്ങ് കയ്യില്‍വെച്ചാല്‍  മതി. 'ഇതെന്താ വെള്ളരിക്കാപ്പട്ടണം  ആണോ?  ഇതിനും  വേണ്ട  എന്തുപ്രകോപനമാണ്  കാല്‍ക്കോടിയിലേറെ  വ്യാപാരികളില്‍ നിന്നുണ്ടായത്' എന്ന് കെ. ബാബു എം. എല്‍.എ ചോദിക്കുന്നു. കാല്‍ കോടി  വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം വെച്ച് മുഖ്യമന്ത്രി പന്താടുന്നത്.   വ്യാപാരിവ്യവസായികള്‍  ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരല്ല. അവരില്‍ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ഉണ്ട്. അവരെ ഒന്നടങ്കം അധികാര ദണ്ഡ് വെച്ച് കൈകാര്യം ചെയ്തു കളയുമെന്ന്  ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി മഹാമാരിയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ടത്തിന്റെ ജാള്യം കാരണം സമനില തെറ്റിയോ എന്ന് കെ. ബാബു സംശയം പ്രകടിപ്പിച്ചു.

രണ്ടാം എല്‍ ഡി എഫ് മന്ത്രിസഭക്ക് കോവിഡ് പ്രതിരോധത്തില്‍ പറ്റിയ വീഴ്ച്ചകള്‍  നിയമസഭയില്‍ താന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്കെതിരെ ഉറഞ്ഞുതുള്ളിയതാണ്  പുതിയ ആരോഗ്യമന്ത്രി. പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍  ആരോഗ്യരംഗത്തെ  പ്രഗല്‍ഭരും ഡോക്ടര്‍മാരുടെയും സ്റ്റാഫ് സംഘടനകളുടെയും  പ്രതിനിധികളും   ആരോഗ്യ മേഖലയിലെ ദുര്യോഗത്തെ കുറിച്ച്  താന്‍ പുറത്തുകൊണ്ടുവന്നതിലും കൂടുതല്‍  തെളിവുകളുമായി രംഗത്തുവന്നപ്പോഴാണ്  മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉത്തരം മുട്ടിയത് എം.എല്‍.എ കെ. ബാബു ഓര്‍മ്മിപ്പിച്ചു.

വ്യാപാരികളുടെ  കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത് എന്നും വാപാരികള്‍ ഉന്നയിക്കുന്ന പ്രശ്നം എന്തെന്ന് പരിശോധിക്കാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്  മുഖ്യമന്ത്രി തുനിയുന്നത്.ഭരണയന്ത്രം കാര്യക്ഷമമായി ഇടപെടേണ്ടതിനു പകരം പത്രസമ്മേളനത്തില്‍  വാചക കസര്‍ത്ത് നടത്തി ജയിച്ചുകളയാമെന്ന്  മുഖ്യമന്ത്രി കരുതരുത് എന്ന് കെ ബാബു എം.എല്‍.എ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി ആലംബ ഹീനരായ  വ്യാപാരികളെ  കൂട്ട ആത്മഹത്യയിലേക്ക്  തള്ളിവിടരുത് എന്നും കെ ബാബു പറഞ്ഞു.