കിളിമാനൂർ ഗവ. എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്തിന്റെ ബഹുനില മന്ദിരം

കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ബജറ്റിന്റെ 40 ശതമാനത്തിലധികം തുക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് മാറ്റി വയ്ക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 74 ലക്ഷം രൂപ ചെലവഴിച്ചാണ് ആറു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചത്. 2018ലെ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സർക്കാർ വിദ്യാലയമെന്ന ബഹുമതി കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനായിരുന്നു. ആ മികവിന്റെ അംഗീകാരമായി ജില്ലാ പഞ്ചായത്ത് അനുവദിച്ചതാണ് ഈ ബഹുനില മന്ദിരം.ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഡി. സ്മിത, എസ്.എം റാസി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. പി മുരളി, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, ഗ്രാമപഞ്ചായത്തംഗം ബീന വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ്. ജവാദ്, പി.ടി.എ അംഗങ്ങൾ, സ്‌കൂൾ പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുത്തു