റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ ഭക്ഷ്യവകുപ്പ് നീക്കം ചെയ്തു

റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ ഭക്ഷ്യവകുപ്പ് നീക്കം ചെയ്തു

നെടുമങ്ങാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ ഭക്ഷ്യവകുപ്പ് നീക്കം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ റേഷൻ കടകളിലെ മുന്നൂറോളം ചാക്കുകളാണ് താലൂക്ക് സപ്ലൈ ഓഫീസറുടെയും റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ബുധനാഴ്ച നീക്കം ചെയ്തത്.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ മാസമാണ് സ്‌പെഷ്യൽ റേഷന്റെ ഭാഗമായി മൂന്നുവർഷം പഴക്കമുള്ള ചാക്കരി, ഗോതമ്പ് എന്നിവ കടകളിലെത്തിച്ചത്. ജില്ല സപ്ലൈ ഓഫീസർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേടായ ഭക്ഷ്യ സാധനങ്ങൾ നീക്കം ചെയ്യുന്നത്.

മാത്രമല്ല, ഭക്ഷ്യ ധാന്യങ്ങളിലെ ചാക്കുകളിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെയാണ് പുഴുവരിച്ചനിലയിലുള്ള ഭക്ഷണങ്ങൾ കണ്ടെത്തിയത്. മാത്രമല്ല, എഫ്‌സിഐയുടെ ടാഗില്ലാതെ ഗോഡൗണിലെ തൊഴിലാളികളെ കൊണ്ട് തുന്നിക്കെട്ടിച്ചവയായിരുന്ന പല ചാക്കുകളും. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരുവനന്തപുരത്തെ നെടുമങ്ങാട് സപ്ലൈകോയുടെ മൂന്ന് ഗോഡൗണുകളിലായി മാത്രം ഏകദേശം 18200 ചാക്ക് ഭക്ഷ്യധാന്യങ്ങളാണ് പുഴു അരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര എഫ്‌സിഐ ഗോഡൗണിൽ നിന്നും കാർത്തികപ്പള്ളി താലൂക്കിലെത്തിച്ച ചാക്കുകളിലും തൃശൂരിലും സമാനമായി ഭക്ഷ്യ ധാന്യങ്ങൾ കണ്ടത്തിയിരുന്നു.

തുടർന്ന് മോശം ചാക്കുകളുടെ എണ്ണം തിട്ടപ്പെടുത്തി, പകരം സാധനങ്ങൾ മാറ്റി നൽകാനും എഫ്‌സിഐ ടാഗില്ലാത്ത ചാക്കുകൾ കൈപ്പറ്റരുതെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.