തിരുവനന്തപുരം വികസന മുന്നേറ്റത്തിന് ഇന്നു മുതൽ പുതിയ കരുത്ത്

തിരുവനന്തപുരം വികസന മുന്നേറ്റത്തിന് ഇന്നു മുതൽ പുതിയ കരുത്ത്

തിരുവനന്തപുരം:തലസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മക്ക് കേരളപ്പിറവി ദിനമായ ഇന്ന് ഔദ്യോഗിക രൂപം കൈവന്നതായി TVM വക്താക്കളായ ശ്രീ ജി വിജയരാഘവൻ, ശ്രീ എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

പൗര പ്രമുഖർ, റസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരി-വ്യവസായി സംരംഭകർ, പ്രൊഫഷണൽ സംഘടനകൾ, തിരുവനന്തപുരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ, പൂർവ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ കൂട്ടായ്മയിൽ അം​ഗങ്ങളാണ്.

നഗരത്തിലെ നൂറു വാർഡുകളിലും വികസന വോട്ടുബാങ്കുകൾ സൃഷ്ടിച്ചു കൊണ്ട് വരുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ നഗരവികസനനത്തിനു വേണ്ടി വോട്ടർമാരുടെ കൂട്ടായ്മ വഴി വോട്ടാക്കി മാറ്റുക എന്നതാണ് സംഘടനാ ലക്ഷ്യം.ജനങ്ങൾ വോട്ടിട്ട് മുൻഗണനാ ക്രമം നിശ്ചയിച്ചതും, വിദഗ്‌ദ്ധർ ക്രോഡീകരിച്ചതുമായ വികസന പദ്ധതികളും, വാർഡ് തല പദ്ധതികളും സംഘടന നഗരത്തിലെ മുഴുവൻ വോട്ടർമാരുടെ ചർച്ചക്കുമായി ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കേരളപ്പിറവിയുടെ അറുപത്തിനാലാം പിറന്നാൾ ദിനത്തിൽ അവഗണനയുടെ നൊമ്പരം പേറുന്ന സാധാരണക്കാരൻറെ പ്രതിഷേധം രാഷ്ട്രീയ കക്ഷികളെ അറിയിക്കുക എന്ന പ്രക്രിയ കൂടിയായിരിക്കും വരുന്ന നഗരസഭാ തെരഞ്ഞെടുപ്പ്.നൂറു വാർഡുകളിലും പ്രാദേശിക പ്രശ്നങ്ങളിൽ ധാരണയുള്ളവരും ഒപ്പം വിദ്യാസമ്പന്നരും അഴിമതിരഹിത പൊതു പ്രവർത്തന പാരമ്പര്യമുള്ളവരും സംശുദ്ധ ജീവിത ശൈലി പിന്തുടരുന്നവരും ആയവരെ നഗര സഭയിലെത്തിക്കുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ മുഖ്യമാണെന്നും അവർ പറഞ്ഞു.

വാസയോഗ്യനഗരമെന്ന സ്വപ്നം ഇന്ന് മുതൽ യാഥാർഥ്യമാക്കുന്നതിനുള്ള യുവാക്കളുടെ ഒരു സേന നടത്തുന്ന ആത്മാർത്ഥ പരിശ്രമം കൂടി വിളിച്ചോതുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു