മഴ ബാധിച്ച ചെറുകിട പദ്ധതികളിൽനിന്നുള്ള ജലവിതരണം തടസ്സപ്പെടും

water

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഡിവിഷനു കീഴിലുള്ള ചെറുകിട ജലവിതരണ പദ്ധതികളായ,1.5 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള മാണിക്കൽ പദ്ധതി, വീരണകാവ് പദ്ധതി(1.5 എംഎൽഡി), നെയ്യാറ്റിൻകര ഡിവിഷനു കീഴിലെ ആര്യൻകോട് (2 എംഎൽഡി), ആറ്റിങ്ങൽ ഡിവിഷനു കീഴിലെ പുളിമാത്ത് പദ്ധതി(1 എംഎൽഡി), നെല്ലനാട് (3 എംഎൽഡി)  എന്നിവയുടെ പമ്പ് ഹൗസുകൾ,  കനത്ത മഴയിൽ വെള്ളത്തിനടിയിലായതിനാൽ ഇവിടങ്ങളിൽനിന്നുള്ള ജലവിതരണം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

വെള്ളമിറങ്ങാൻ ഒരു ദിവസം വേണ്ടി വരുമെന്നു പ്രതീക്ഷിക്കുന്നതിനാൽ അതിനു ശേഷം ജലവിതരണം പുനഃസ്ഥാപിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. 
അഞ്ചുതെങ്ങ് പ്രദേശത്ത് 110 എംഎം പിവിസി ജലവിതരണ പൈപ്പ് 600 മീറ്ററും ശംഖുമുഖത്ത് 300 എംഎം ഡിഐ പൈപ്പ് 700 മീറ്ററും മഴയിൽ തകർന്നു. ഇവിടെ അടിയന്തര അറ്റകുറ്റപ്പണികൾക്കു ശേഷം ജലവിതരണം പുനഃസ്ഥാപിച്ചതായും  വാട്ടർ അതോറിറ്റി തിരുവനന്തപുരം സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ  അറിയിച്ചു.