തെരുവ് നായയുടെ ആക്രമണത്തില്‍ ബധിരനായ ഒന്‍പത് വയസുകാരന് ഗുരുതരമായി പരിക്കേറ്റു

dogs
 

തൃശൂര്‍: തൃശൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ബധിരനായ ഒന്‍പത് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പോര്‍ക്കുളം സെന്ററിനടുത്ത് ഇന്ന് രാവിലെയാണ് സംഭവം. വീടിന് സമീപം കളിക്കുകയായിരുന്ന മുഹമ്മദ് ഫൈസലിന് കൈയ്ക്കും മുഖത്തും കഴുത്തിലും ചുണ്ടിലുമാണ് പരിക്കേറ്റത്.  കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണപ്പാട്ടുപറമ്പില്‍ അഫ്‌സല്‍, ആബിദ ദമ്പതികളുടെ  മകനാണ് പരിക്കേറ്റ ഫൈസല്‍. അഫ്‌സലും ആബിദയും ഫൈസലും ഭിന്നശേഷിക്കാരാണ്. കേള്‍വിയില്ലാത്തതിനാല്‍ നായ കുരച്ചുകൊണ്ട് വരുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ തുരത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം നായയുടെ കുട്ടി വണ്ടിയിടിച്ച് ചത്തിരുന്നു. ഇതേ തുടര്‍ന്നാണ് നായ ആക്രണസ്വഭാവം കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.