സുല്‍ത്താന്‍ബത്തേരി:വാകേരി മൂടക്കൊല്ലിയില്‍ രണ്ടാം തവണയും കടുവയെത്തി പന്നിഫാം ആക്രമിച്ചു. ഇത്തവണ ഏഴ് പന്നികളെയാണ് ഫാം ഉടമകള്‍ക്ക് നഷ്ടമായത്. ഈ മാസം ആറിന് ആദ്യം കടുവയെത്തി ആക്രമണം നടത്തിയ ശ്രീനേഷിന്‍റെയും ശ്രീജിത്തിന്‍റെയും ഫാമില്‍ തന്നെയാണ് വീണ്ടും കടുവയെത്തിയത്.
ആദ്യം ആക്രമണമുണ്ടായ സമയത്ത് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൊന്നും കയറാതെയാണ് പന്നിഫാമിലെത്തി ഏതാണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് പന്നികളെ കൊലപ്പെടുത്തിയത്. ഇവയില്‍ ചിലതിനെ ഭക്ഷിച്ചിട്ടുമുണ്ട്.
ഒരു പന്നിയെ കൂടിനകത്ത് തന്നെ ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതടക്കം ഏഴ് പന്നികളാണ് നഷ്ടമായിരിക്കുന്നത്. ഫാം നില്‍ക്കുന്ന സ്ഥലത്തുനിന്ന് മീറ്ററുകള്‍ മാറി വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് കടുവ ഭക്ഷിച്ചതെന്ന് കരുതുന്ന പന്നികളുടെ അവശിഷ്ടം കണ്ടെത്തി. ഈ മാസം ആറിനാണ് ആദ്യം ഫാമില്‍ കടുവയുടെ ആക്രമണമുണ്ടായത്. അന്ന് ഈ ഫാമില്‍നിന്ന് 21 പന്നിക്കുഞ്ഞുങ്ങളെ കടുവ കൊലപ്പെടുത്തിയിരുന്നു.
രണ്ടാമത് ആക്രമണം ഉണ്ടായതറിഞ്ഞ് സംഭവം ഫാം ഉടമ അറിയിച്ചിട്ടും പ്രദേശത്ത് പരിശോധന നടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്ന ആരോപണമുണ്ട്. പരിശോധന നടത്തണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംരക്ഷണം ആവശ്യമാണെന്ന വിവരമാണ് പുറത്തുവരുന്നത്.