പഴയത് പോലെ സാധാരണ ബിരുദ കോഴ്സുകൾക്ക് ഇന്ന് നാട്ടിൽ ആവശ്യക്കാരില്ല. ജോലി സാധ്യത തേടി പുത്തൻ കോഴ്സുകളും വിദേശങ്ങളിലെ പഠന സൗകര്യങ്ങളും വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന കാലമാണിത്. അതിനൊപ്പം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വിദ്യാഭ്യാസ ചെലവുകള്‍ ഉയരുന്നത്.
ഇന്ത്യയിൽ 2013 ല്‍ മുൻനിര കോളേജിൽ നിന്ന് എംബിഎ പൂര്‍ത്തിയാക്കാന്‍ വേണ്ട ചെലവ് 10-12 ലക്ഷത്തിനും ഇടയിലായിരുന്നു. ഇന്നിത് 22-25 ലക്ഷത്തിന് ഇടയിലേക്ക് ഉയർന്നു. വിദ്യാഭ്യാസരീതികള്‍ മാറുന്നതും അഭിരുചികളിലെ വ്യത്യാസങ്ങളും അടക്കം നിരവധി ഘടകങ്ങള്‍ ചെലവുകളെ സ്വാധീനിക്കുന്നുണ്ട്.
ചെലവുയരുമ്പോൾ രക്ഷിതാക്കൾക്കാണ് സങ്കടം. മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസം നൽകാൻ സാധിക്കില്ലെ എന്നതാണ് പല രക്ഷിതാക്കളെയും അലട്ടുന്ന ചിന്ത. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ 11-12 ശതമാനമാണ് പണപ്പെരുപ്പമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഭാവിയിലും തുടരാനുള്ള സാധ്യതയുണ്ട്. ഡിമാന്റ് ഉയരുന്നതിനാല്‍ ചെലവും ഉയരും അതിനാല്‍ കയ്യിലൊരു ‘കോളേജ് ഫണ്ട്’ കരുതുന്നതാണ് രക്ഷിതാക്കൾക്ക് അനുയോജ്യം. എങ്ങനെ ഫണ്ട് ഒരുക്കാമെന്ന് പടിപടിയായി മനസിലാക്കാം.
കോളേജ് ഫണ്ട് ഒരുക്കാം
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രതീക്ഷിക്കുന്ന ചെലവിനായി ഒരുക്കുന്ന തുകയാണ് കോളേജ് ഫണ്ട്. ഏത് കോഴ്‌സാണ് പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കണക്കാക്കി കോഴ്‌സിന്റെ ഇന്നത്തെ ചെലവ് കണക്കാക്കണം. ഇതില്‍ നിന്ന് വേണം ഭാവിയില്‍ കോഴ്‌സിന് എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കേണ്ടത്.
എത്ര കാലത്തിന് ശേഷമാണ് ചെലവ് വരുന്നതെന്ന് മനസിലായാല്‍ ഭാവിയിലെ ചെലവ് കണക്കാക്കാം. 11-12 ശതമാനം പണപ്പെരുപ്പമാണ് പൊതുവെ വിദ്യാഭ്യാസ രംഗത്ത് കാണുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പ്രതീ്ഷിക്കുന്ന ചെലവ് കണക്കാക്കി നിക്ഷേപം ലക്ഷ്യം തീരുമാനിക്കാം.
നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് എത്ര സമയം കയ്യിലുണ്ടെന്നും നിക്ഷേപകന് എറ്റെടുക്കാവുന്ന റിസക് കണക്കാക്കണം. ചെറിയ തുക മാസത്തില്‍ മാറ്റിവെച്ച് എസ്‌ഐപി വഴി നിക്ഷേപിക്കാം. കയ്യിലുള്ള സമയം കുറയുമ്പോള്‍ റിസ്‌കെടുക്കാനുള്ള ശേഷി കുറയുകയും ഉയര്‍ന്ന തുക നിക്ഷേപത്തിന് മാറ്റിവെയ്‌ക്കേണ്ടതായും വരും.
എവിടെ നിക്ഷേപിക്കാം
ഓരോരുത്തരുടെയും റിസ്‌ക് അനുസരിച്ച് വ്യത്യസ്ത നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം, 1-3 വര്‍ഷമാണ് മുന്നിലുള്ളതെങ്കിൽ ഡെറ്റ് ഫണ്ടുകളാകും അനുയോജ്യമാവുക. 8-10 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം. 4-5 വര്‍ഷത്തേക്ക് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്, ലാര്‍ജ്കാപ് ഫണ്ട് എന്നിവ 10-12 ശതമാനം വരെ റിട്ടേണ്‍ നല്‍കുന്നുണ്ട്.
6-8 വര്‍ഷത്തേക്ക് ലാര്‍ജ്കാപ്, മള്‍ട്ടികാപ്, ഫ്‌ളെക്‌സി കാപ് ഫണ്ടുകള്‍ നോക്കാം. ഇവ 12- 14 ശതമാനം റിട്ടേണ്‍ നല്‍കും. എട്ട് വര്‍ഷത്തിന് മുകളില്‍ സമയുള്ളൊരാള്‍ക്ക് സ്‌മോള്‍, മിഡ്കാപ്, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവ പരിഗണിക്കാം. 14- 16 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം.
8 വയസുള്ള മകള്‍ക്കായി ബിരുദ പഠനത്തിന് സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് എങ്ങനെ നിക്ഷേപം ക്രമീകരിക്കാമെന്ന് നോക്കാം. മാനേജ്‌മെന്റ് സട്രീമില്‍ കോഴ്‌സിന് ഇന്ന് 15 ലക്ഷം രൂപ ചെലവ് വരുന്നൊരു കോഴ്സിനാണ് മകളെ ചേർക്കാൻ ആഗ്രഹിക്കുന്നത്. 11 ശതമാനം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ 10 വര്‍ഷത്തിനിപ്പുറം ഈ കോഴ്സിന് 42.59 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഇവിടെ 10 വര്‍ഷമാണ് മുന്നിലുള്ളത്. ദീര്‍ഘകാലമായകിനാല്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന റിസ്‌കുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാം. 16 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ മാസം 14,400 രൂപ നിക്ഷേപിച്ചാല്‍ ലക്ഷ്യത്തിലേക്ക് എത്താം.