സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

cbse

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞു.

വിദ്യാര്‍ഥികളുടെ താല്‍പര്യാര്‍ഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.  

അതേസമയം, പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗ നിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.