സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

kcm

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേർക്ക് കോവിഡ്  വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000  വാക്‌സിൻ ഡോസുകൾ ഈ മാസം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാ അംഗം പി നന്ദകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 28,44,000  ഡോസുകളിൽ 24  ലക്ഷവും കോവിഷീൽഡ്  ആണെന്നും അദ്ദേഹം പറഞ്ഞു.

പല ജില്ലകളിലും 45  വയസ്സിന് മുകളിൽ ഉള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായി വരുകയാണ്. 45  വയസ്സിന് താഴെയുള്ളവരുടെ വാക്‌സിനേഷനിൽ മുൻഗണന വിഭാഗക്കാരുടെ കുത്തിവെയ്പ്പ് പൂർത്തിയായി വരുകയാണ്. വാക്‌സിനേഷൻ  കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാകും.

വാക്‌സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. ആഗോള ടെൻഡർ വിളിക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചാൽ അത് മത്സരമായി മാറും. വാക്‌സിൻ വില കൂടാൻ സാധ്യത ഉണ്ടാകും. അതിനാൽ കേന്ദ്ര സർക്കാർ ആഗോള ടെൻഡർ വിളിക്കുന്നതാണ് നല്ലത്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപെട്ടവർക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകും.