മുട്ടിൽ മരംമുറി: വനംമന്ത്രി ഇടപ്പെട്ടു, ഡി.എഫ്.ഒ ധനേഷ് കുമാര്‍ വീണ്ടും അന്വേഷണ സംഘത്തിൽ

dfo


കോഴിക്കോട്: മുട്ടില്‍ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. 

കോഴിക്കോട് ഫ്ലയിം​ഗ് സ്ക്വാ​‍ഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെ സംസ്ഥാന വ്യാപകമായി മരംമുറി അന്വേഷിക്കുന്നതിന്റെ ഭാ​ഗമായി തൃശൂർ, എറണാകുളം ജില്ലയുടെ അന്വേഷണ ചുമതല നൽകി ആദ്യം നിയമിച്ചിരുന്നു. മരംമുറി അന്വേഷിക്കാൻ നിയോ​ഗിച്ച അഞ്ച് സംഘത്തിൽ ഒരു സംഘത്തിന്റെ തലവൻ ധനേഷ് കുമാറായിരുന്നു. എന്നാൽ വനം വകുപ്പിന്റെ ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് ഇന്നാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്.

ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിന്‍വലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്.

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടെന്ന് ധനേഷ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് വനംമന്ത്രി നേരിട്ട് ഇടപെട്ട് ഉത്തരമേഖല അന്വേഷണത്തിന്റെ പൂർണ ചുമതലയോടെ ഡി.എഫ്.ഒയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.

പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.  അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് ചീഫ് നിര്‍ദേശം നല്‍കിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തില്‍നിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്. പിന്നാലെയാണ് മന്ത്രി തന്നെ ഇടപെട്ട് ഉദ്യോഗസ്ഥനെ കൂടുതൽ ചുമതല നൽകി തിരികെയെത്തിച്ചത്. 

മുട്ടിൽ മരം മുറിയിൽ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പികളിലെ പ്രത്യേക ടീമിനെ ഉൾപ്പെടുത്തിയുള്ള ഉന്നതതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരംമുറിയിലെ വീഴ്ചകളും ഉന്നതതലബന്ധങ്ങളും കൂടുതൽ പുറത്ത് വരുന്നതിനിടെയാണ് സർക്കാർ അന്വേഷണം വിപുലമാക്കിയത്. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.