വാക്‌സിന് വ്യത്യസ്ത വില; രാജ്യത്ത് ഒരൊറ്റ വില​ നടപ്പാക്കാൻ കേന്ദ്രത്തിന്​ ബാധ്യതയില്ലേ? - സുപ്രീം കോടതി

supreme court


ന്യൂഡൽഹി: കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറിനോട് വിവിധ വിഷയങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി. വാക്​സിൻ വില, ക്ഷാമം, ഗ്രാമീണ​ മേഖലയിലെ ലഭ്യതക്കുറവ്​ എന്നിവയിലാണ്​ സുപ്രീംകോടതിയുടെ ചോദ്യങ്ങൾ. നിർമിക്കുന്ന വാക്​സിനുകളിൽ 50 ശതമാനം കേന്ദ്രസർക്കാർ നിശ്​ചയിച്ച വിലക്ക്​ സംസ്ഥാനങ്ങൾക്ക്​ ലഭ്യമാക്കുന്നു. ബാക്കിയുള്ളത്​ സ്വകാര്യ ആശുപത്രികൾക്കാണ്​ നൽകുന്നത്​. ഇതിന്‍റെ യുക്​തിയെന്താണെന്ന്​ സുപ്രീംകോടതി ചോദിച്ചു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്​, എൽ.എൻ റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. കേസിൽ സത്യവാങ്​മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാറിന്​ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

45 വയസിന്​ മുകളിലുള്ള എല്ലാവർക്കും കേന്ദ്രസർക്കാർ വാക്​സിൻ നൽകുന്നുണ്ട്​. പക്ഷേ 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിൻ എന്തുകൊണ്ടാണ്​ വിതരണം ചെയ്യാത്തത് എന്നും സുപ്രീം കോടതി ചോദിച്ചു. 45 വയസിന്​ മുകളിലുള്ളവരുടെ മരണനിരക്ക്​ കൂടിയതിനാലാണ്​ അവർക്ക്​ വാക്​സിന്​ മുൻഗണ നൽകിയത്​. എന്നാൽ രണ്ടാം തരംഗത്തിൽ 18 മുതൽ 44 വയസ്​ പ്രായമുള്ളവർക്കും രോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്​. എന്തുകൊണ്ടാണ്​ അവർക്ക്​ വാക്​സിൻ നൽകാൻ നടപടിയുണ്ടാകാത്തത്​ എന്ന് കോടതി ചോദിച്ചു.

വാക്​സിൻ വില നിർണയാധികാരം കമ്പനികൾക്ക്​ നൽകിയത്​ എന്തിനാണ്​​. വാക്​സിന്​ ഒരു രാജ്യം ഒരു വില എന്നത്​ നടപ്പാക്കാൻ കേന്ദ്രത്തിന്​ ബാധ്യതയില്ലേയെന്നും ​സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ വാക്​സിൻ നിർമാതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ വ്യത്യസ്​ത വിലക്കാണ്​ വാക്​സിൻ നൽകുന്നത്​. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.