കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു

k sure

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രന്‍ നാളെ സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന.

കേരളത്തിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ ഡല്‍ഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. 

കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോര്‍ച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനറല്‍ സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചര്‍ച്ചയായി.

അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ്ണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കാനാണ്  തീരുമാനം. കഴിഞ്ഞദിവസം സുന്ദര പൊലീസിന് കൊടുത്ത മൊഴിയിൽ ബി.ജെ.പി.  പ്രവർത്തകർ തന്നെ  തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്തേക്കാം.

അതേസമയം മൊഴി മാറ്റാന്‍ കെ. സുന്ദരയ്ക്ക് സിപിഎമ്മും ലീഗും പണം നല്‍കിയെന്ന് പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്കെതിരെ സുന്ദരയെ കരുവാക്കുകയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്തും ആരോപിച്ചു.