കൊടകര കുഴൽപ്പണക്കേസ്: മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്ന് കെ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും

k surendran

തൃശ്ശൂർ: കൊടകര കുഴൽപണക്കേസിൽ പരാതിക്കാരൻ ധർമരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും. ധർമരാജനെ അറിയാമെന്നും പലവട്ടം ഫോണിൽ വിളിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്റെ സഹായിയും ഡ്രൈവറും അന്വേഷണ സംഘത്തിന് മൊഴി നൽകി. സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ട്. പ്രചാരണ സാമഗ്രികള്‍ ധർമരാജനെ ഏൽപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും മൊഴിയിൽ പറയുന്നു. 

ഫോൺ വിളികൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കും സംഘടനാ പരമായ കാര്യങ്ങൾക്കും വേണ്ടിമാത്രമാണ് ധർമരാജനെ വിളിച്ചതെന്നാണ് സെക്രട്ടറിയും ഡ്രൈവറും നൽകിയ മൊഴി. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നത്തേക്ക് വിട്ടയച്ചു. 


എന്നാൽ ഇരുവരുടെയും മൊഴികൾ പൂർണമായും അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ധർമരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരിൽ ഇയാൾ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.

കുഴൽപ്പണകേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തുന്നതിന്റെ സൂചനകളും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിടുന്നുണ്ട്. കേസിലെ പ്രതി ദീപകിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ റിജിലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
  
അതേസമയം, ബിജെപി കോർകമ്മിറ്റിയോഗം നാളെ ചേരും. നാളെ ഉച്ച കഴിഞ്ഞ് കൊച്ചിയിലാണ് കോർകമ്മിറ്റി യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്, തെരഞ്ഞെടുപ്പ പരാജയം, കൊടകര കുഴൽപ്പണ കേസ് എന്നിവ യോഗത്തിൽ ചർച്ചയാകും.