മുസ്​ലിം സ്​കോളർഷിപ്​ ഏർപ്പെടുത്തിയത് സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ: വി ഡി സതീശൻ

vd satheesan 31/5

കൊച്ചി: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ മുസ്​ലിം വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്​ ഏർപ്പെടുത്തിയതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. അവരുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ്​ ആ തീരുമാനമെടുത്തത്​. ഇതിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്​തവർക്കുകൂടി നൽകാൻ എൽഡിഎഫ്​ പിന്നീട്​ തീരുമാനമെടുത്തു. 

എൽഡിഎഫ്​ എടുത്ത തീരുമാനം യു.ഡി.എഫ്​ കാലത്തും തുടർന്നു. ഈ  തീരുമാനത്തെയാണ്​ കോടതിയിൽ ചോദ്യം ചെയ്​തതും റദ്ദാക്കിയതും. സമുദായ സംഘർഷം ഉണ്ടാക്കുന്നതരത്തിൽ ഈ പ്രശ്​നത്തെ സമീപിക്കരുത്​. സമുദായമൈത്രി ഹനിക്കാതെ തീരുമാനമെടുക്കണം. സർവകക്ഷി യോഗത്തിൽ സർക്കാർ പ്രത്യേകമായ നിർദേശവും സമർപ്പിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

സർക്കാർ കരട്​ നിർദേശം കൊണ്ടുവരുമെന്നാണ്​ കരുതിയത്​. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കുള്ളത്​ സംരക്ഷിക്കണം. അർഹതപ്പെട്ട മറ്റ്​ ന്യൂനപക്ഷ സമുദായങ്ങൾക്ക്​ ആനുപാതികമായി ലഭ്യമാക്കുകയും വേണം. ഇതിനനുസൃതമായി പുതിയ പദ്ധതി ആവിഷ്​കരിക്കുമ്പോൾ നിയമപരമായ പരിശോധന വേണം. സമന്വയമുണ്ടാക്കി പദ്ധതി നടപ്പാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.