വാക്‌സിന്‍ വിതരണത്തില്‍ സഹകരണം തേടി പിണറായി വിജയന്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

cm

തിരുവനന്തപുരം: വാക്‌സീന്‍ വിതരണത്തില്‍ സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീന്‍ കേന്ദ്രം സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ട് വെക്കണമെന്നാണ് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ കത്തയച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്‌സിന്‍ സാര്‍വ്വത്രികമാക്കണമെന്നും  കത്തില്‍ പറയുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ വാക്‌സിന്‍ നിഷേധിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സിന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലില്‍ ആകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കൂടാതെ വാക്‌സീന്‍ ലഭ്യമാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സീന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് കത്തില്‍ പറയുന്നു.