ഫേസ്ബുക്കും വാട്‌സാപ്പും ഓര്‍മ്മയാകുമോ? നാളെ മുതല്‍ ലഭ്യമായേക്കില്ല

fb

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാളെ മുതല്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നയം മാറ്റാത്തതാണ് നിരോധനത്തിന് കാരണം. കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. 

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം. 

എന്നാല്‍, പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്ന് ഫെയ്‌സ്ബുക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആറുമാസത്തെ കാലാവധിയാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.