കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയിലേക്ക് എറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Covid Patient's Body

ലഖ്‌നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയിലേക്ക് എറിഞ്ഞു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് മൃതദേഹം പാലത്തില്‍നിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദം ഉയര്‍ന്നിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്.

 കോവിഡ് ബാധിച്ച് മരിച്ചത് സിദ്ധാര്‍ഥനഗര്‍ സ്വദേശി പ്രേംനാഥാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ആ വഴി കാറില്‍ സഞ്ചരിച്ച ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. അതേസമയം,  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു. 
മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 28-ന് ഇയാള്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് സംസ്‌കരിക്കാനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഇവര്‍ മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.