വൻ തുക വാങ്ങിയുള്ള വാക്‌സിനേഷൻ പാക്കേജുകൾ പാടില്ല; വാക്‌സിൻ വിതരണ മാനദണ്ഡം പാലിക്കണം : കേന്ദ്ര സർക്കാർ

medicine

ന്യൂഡൽഹി: വൻ  തുക വാങ്ങിയുള്ള വാക്‌സിനേഷൻ പാക്കേജുകൾ അനുവദിക്കുകയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. അല്ലാത്തവർക്ക് എതിരെ നടപടി സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകി. ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേർന്ന് വാക്‌സിനേഷൻ പാക്കേജുകൾ നൽകുന്നതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കിയത്. വാക്‌സിൻ വിതരണ മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന്  ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച കത്തിൽ പറയുന്നു. സർക്കാർ,സ്വകാര്യ കോവിഡ്  വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ കുത്തിവെയ്പ്പ് നടത്താവൂ.

ജോലി ചെയ്യുന്ന സ്ഥലം,വീടിനോട് ചേർന്നുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കുത്തിവെയ്പ്പ് നടത്താം. വീടിനോട് ചേർന്നുള്ള കേന്ദ്രങ്ങളിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമാണ്  വാക്‌സിൻ നൽകേണ്ടതെന്നും കത്തിൽ പറയുന്നു. വാക്‌സിൻ വിതരണ മാനദണ്ഡങ്ങൾ ലംഘനം നടത്തിയാൽ സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.