2023-ലെ റൊമേറോ പുരസ്‌കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക്

google news
romero-award

chungath new advt

വിയന്ന ∙ മനുഷ്യാവകാശ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ഇടപെടലുകള്‍ക്കുമായി ഓസ്ട്രിയയിലെ കത്തോലിക്കാ സഭ ഏര്‍പ്പെടുത്തിരിക്കുന്ന റൊമേറോ പുരസ്‌കാരം മലയാളി വൈദികനായ ഫാ. സെന്‍ വെള്ളക്കടയ്ക്ക് ലഭിച്ചു. ഏറെ ശ്രദ്ധേയമായ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (MSFS) സഭാഅംഗമായ ഫാ. സെന്‍ വെള്ളക്കട.

നവംബര്‍ 24ന് വിയന്നയ്ക്ക് സമീപം ക്ലോസ്റ്റെര്‍ന്യൂബര്‍ഗില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. ഡോ. സെന്‍ വെള്ളക്കട പുരസ്‌കാരം ഏറ്റുവാങ്ങും. 10,000 യൂറോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രക്തസാക്ഷിയായ സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പ് സെന്റ് ഓസ്‌കാര്‍ റൊമേറോയുടെ പേരില്‍ മൂന്ന് പതിറ്റാണ്ടുകളായി നല്‍കിവരുന്ന അഭിമാനകരമായ അവാര്‍ഡാണിത്.

മധ്യആഫ്രിക്കയിലെ ഛാഡിലെയും കാമറൂണിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇടയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരമെന്നു സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രക്തസാക്ഷിയായ ബിഷപ്പ് ഓസ്‌കാര്‍ റൊമേറോയോടുള്ള (1917-1980) ആദരസൂചകമായി നവംബര്‍ 26-ന് ഉച്ചയ്ക്ക് 12 മണിക്ക് വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ ആഘോഷമായ ശുശ്രൂഷകള്‍ നടക്കും. വിയന്ന സഹായമെത്രാന്‍ ഫ്രാന്‍സ് ഷാള്‍ മുഖ്യകാര്‍മ്മികനാകുന്ന വി. കുര്‍ബാനയില്‍ ഫാ. സെന്നിനെ അനുമോദിക്കും.

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഛാഡില്‍, ഒരു സ്‌കൂള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ഫാ. സെന്‍ തന്റെ സാമൂഹ്യസേവനങ്ങള്‍ ആരംഭിക്കുന്നത്. മേഖലയിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം പുരുഷന്മാരേക്കാള്‍ വളരെ താഴ്ന്നു നില്‍ക്കുന്നത് മനസിലാക്കി പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കുകയും, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ക്കു ശക്തി പകരുകയും ചെയ്യുന്നു. ആഫ്രിക്കയിലെ വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം അഗാപെ ഓസ്ട്രിയ എന്ന പേരില്‍ ഓസ്ട്രയയില്‍ ഒരു എന്‍ജിഒയും സ്ഥാപിച്ചട്ടുണ്ട്. വിയന്ന സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള 48 കാരനായ ഫാ. സെന്‍ കാസര്‍ഗോഡ് ജില്ലയിലെ പറമ്പ സ്വദേശിയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags