ടോക്യോ ഒളിംപിക് വില്ലേജിൽ രണ്ട് കായിക താരങ്ങൾക്ക് കൂടി കോവിഡ് രോഗബാധ

tokyo

ടോക്യോ ഒളിംപിക് വില്ലേജിൽ രണ്ട് കായിക താരങ്ങൾക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് കായിക താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. ടോക്യോ ഒളിംപിക് 2020 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കായിക താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ടോക്യോ ഒളിംപിക് വില്ലേജിൽ ഒരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഇയാൾ കായിക താരമല്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ രാജ്യത്ത് ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ കനത്ത പ്രതിഷേധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ജപ്പാനിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തിയതും ജനങ്ങളുടെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഒളിംപിക്സ് മത്സരങ്ങൾ നടത്തുന്നത് കോവിഡ് രോഗബാധ വർധിക്കാൻ കാരണമാകുമെന്ന ജനങ്ങൾക്ക് ആശങ്കയുണ്ട്. 

ടോക്യോ 2020 ഗെയിംസിന്റെ മുഖ്യ സംഘാടകൻ സീകോ ഹാഷിമോട്ടോ വില്ലേജിൽ കൂടുതൽ രോഗബാധ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞുവെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു. കൂടാതെ പ്രതീക്ഷിക്കാതെ കോവിഡ് രോഗവ്യാപാനം ഉണ്ടായാൽ അത് തടയാനും പ്രതിരോധിക്കാനുമുള്ള മാ
ർഗങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജപ്പാനിലെ ടോക്യോയിലാണ് ഈ വർഷം ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. ഈ മാസം 23 നാണ് ഒളിംപിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഇതിനിടയിലാണ് ഈ വർഷം ഒളിംപിക്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 2020 ൽ നടത്തേണ്ടിയിരുന്ന ഒളിംപിക്സ് മത്സരങ്ങൾ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.