ദിഗംബര സ്മരണകൾ 208;"രണ്ട് കൂട്ടുകാരികൾ, കെ. ചിന്നമ്മയും ബി.കല്യാണി അമ്മയും";എം.രാജീവ് കുമാർ

tku
 

"കെ. ചിന്നമ്മയും, ബി.കല്യാണി അമ്മയും"; പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ  എം.രാജീവ് കുമാർ എഴുതുന്നു 

ഇണ പിരിയാത്ത രണ്ട് കൂട്ടുകാരികൾ 1883 മുതൽ തിരുവനന്തപുരത്തുണ്ടായിരുന്നു. ഒരു കുഴിയിൽ ചാവാനിരുന്നവർ . മരണം വരെ സുഹൃത്തുക്കളായിരുന്നു അവർ.ഒന്ന് ബി. കല്യാണിയമ്മയും മറ്റൊന്ന് കെ. ചിന്നമ്മയും. ആദ്യത്തെ ആളെ നിങ്ങളറിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രിയപത്നി . ഒരു വ്യാഴവട്ടക്കാലം ദേശാഭിമാനിയോടൊപ്പം ദാമ്പത്യം പങ്കുവച്ച്‌ "വ്യാഴവട്ടസ്മരണ"കൾ എഴുതിയ ബി എ ക്കാരിബി. കല്യാണി അമ്മ.

കെ.ചിന്നമ്മയോ ! പറഞ്ഞു വന്നാലറിയും.പൂജപ്പുര  "മഹിളാ മന്ദിര "ത്തിന്റെ സ്ഥാപക. എഴുത്തുകാരിയായില്ല വായനക്കാരി. ഫയർ ബ്രാന്റ്‌ ഫെമിനിസ്റ്റ്! അതൊക്കെ മുതിർന്നപ്പോൾ -അവരിരുവരും ചങ്ങാത്ത മാവുന്നത് സ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.  ആറ്റിങ്ങൽക്കാരി കെ. ചിന്നമ്മ പഠിക്കാൻ ബഹു മിടുക്കി യായിരുന്നു. ജ്യേഷ്ഠ സഹോദരിയുടെ കൂടെ തിരുവനന്തപുരത്ത് വന്നു നിന്നാണ് പഠിച്ചത്. ചേച്ചി സെനാന മിഷൻ സകൂളിലെ അദ്ധ്യാപിക. ആ സ്കൂളിൽ തന്നെയാണ് ചിന്നമ്മയുംപഠിച്ചത്. ഒപ്പം കല്യാണിയമ്മയും . ഒരേവർഷമാണ് അവർ രണ്ടു പേരും ജനിച്ചത്. 1883 ൽ! ചന്തുമേനോൻ അന്നു ഇന്ദുലേഖ എഴുതാൻ തുടങ്ങുതേയുള്ളൂ.

കെ.ചിന്നമ്മയും ബി.കല്യാണിയമ്മയും എപ്പോഴും ഒന്നിച്ചാണ് നടപ്പ്. ഇടനേരങ്ങളിൽ അവർ രണ്ടു പേരും ഒരൊഴിഞ്ഞ വരാന്ത യിൽ ചെന്നു നിന്ന് കൈകൊട്ടിക്കളി കളിക്കു മായിരുന്നു. ഉച്ചയ്ക്ക് ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ പോയി രണ്ടും കൂടി നീന്തിത്തുടിക്കും. ചിരിച്ച് കളിക്കും. ഉല്ലസിച്ചു രസിക്കും.1904 ൽ ചിന്നമ്മ മെട്രിക്കുലേഷൻ ജയിച്ചു. സി.വി.രാമൻ പിള്ളയുടെ ജ്യേഷ്ഠന്റെ മകൻ കുമാരപിള്ളയുമായി കല്യാണവുമായി . അപ്പോഴും പഠനം തുടർന്നു. ഇന്റർമീഡിയറ്റിന് വിമൻസ് കോളേജിൽ ചേർന്നു .1908 ൽ എഫ്.എ പാസ്സായി.

കല്യാണിയമ്മയും വിമൻസ് കോളജിലുണ്ടായിരുന്നു. പക്ഷേ, എഫ്.എ. തോറ്റു. "രസികരഞ്‌ജിനി "യിൽ കഥയെഴുതുമായിരുന്നു. അങ്ങനെ "ലളിത " എന്നൊരു കഥ എഴുതിയപ്പോൾ നെയ്യാറ്റിൻകരക്കാരൻ ദേശാഭിമാനി പത്രാധിപർ രാമകൃഷ്ണപിള്ളയുടെ മനസ്സിൽ കൊണ്ടു. ആരാണിവൾ?അന്വേഷിച്ച് പിടിച്ച് വന്നപ്പോൾ ഇഷ്ടമായി. തനിക്ക് ചേരും. കട്ടക്ക് നിൽക്കും. കല്യാണിയമ്മയ രാമകൃഷ്ണപിള്ള അങ്ങ് കെട്ടി.

അടുക്കളയിൽ പുകയടുപ്പിൽ കരിപിടിക്കാതെ ഭാര്യക്ക് എഴുതാൻ അദ്ദേഹം കരുത്തേകി.അന്ന് വിമൻസ് കോളേജിൽ ബി.എ. ക്ലാസ്സില്ല യൂണിവേഴ്സിറ്റി കോളേജിൽ പോകണം. പുരുഷമാരുടെ കോളേജിൽ  നായർ പെൺകുട്ടികളെ ചേർക്കണമെങ്കിൽ ഗവർമെന്റിന്റെ പ്രത്യേക അനുവാദം വേണമെന്ന് അധികൃതർ ശഠിച്ചു.
കല്യാണിയമ്മ കോളേജിൽ ചേർന്നില്ല. പ്രൈവറ്റായി ബി.എ. ക്ക് വായിച്ചു. അതിനു മുമ്പേ ചിന്നമ്മ ചേർന്നു.
1909ൽ ചിന്നമ്മ ബി.എ.ക്കാരിയായി.

അതേ വർഷം തന്നെ ഡോ. മിച്ചലിന്റെ പരിഷ്ക്കാര ഫലമായി സ്ത്രീ വിദ്യാഭ്യാസ ശാല ആരംഭിച്ചപ്പോൾ ചിന്നമ്മയെ കോട്ടയത്ത് സ്കൂൾ അസി.  ഇൻസ്പെക്ടറസ് ആയി നിയമിച്ചു. പതിനൊന്ന് താലൂക്കുകളടങ്ങുന്ന വിദ്യാഭ്യാസ ജില്ലയിൽ ഓടിനടന്ന് ചിന്നമ്മ തിളങ്ങി.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയ കാലത്താണ് ഇത് നടക്കുന്നത്. അകത്തളത്തിൽ അടച്ചുപൂട്ടിയിരിക്കാതെ പെണ്ണിനെപ്പഠിപ്പിക്കാൻ ആഹ്വാനം ചെയ്ത കാലത്താണ്.മാമൂൽ പ്രിയരായ പ്രമാണികളെക്കൊണ്ടു പാഠശാലകൾ സ്ഥാപിക്കാനും അവരുടെ പെൺകുട്ടികളെ പാഠശാലകളിലയപ്പിക്കാനും വേണ്ടി ചിന്നമ്മ പെടാപ്പാടാണ് പെട്ടത്.

യാത്രാസൗകര്യങ്ങളില്ലാത്ത കാലത്തും കരകൾ തോറും സഞ്ചരിച്ചു. സ്ത്രീ സമാജങ്ങളുണ്ടാക്കി. അന്ന് സാക്ഷരതാ മിഷനോ മഹിളാഫെഡറേഷനോ ഒന്നു മില്ലാത്ത കാലമല്ലേ ! നയിക്കാൻ പ്രസ്ഥാനങ്ങളുമില്ല.
ചിന്നമ്മ ഓടിനടന്നു വിദ്യാഭ്യാസ പ്രചാരണം നടത്തുമ്പോൾ കല്യാണിയമ്മ ദേശാഭിമാനിയുടെ കുടക്കീഴിൽ "ശാരദ " എന്നൊരു വനിതാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി തിരുവന ന്തപുരത്തു വിരാജിച്ചു.

ഇതിനിടയിൽഎം.സി.ശങ്കരപ്പിള്ള എന്നൊരു"ചാവൽക്കോഴി " പത്രദ്വാരാ സ്ത്രീകൾക്കിട്ടൊരു ചുരണ്ടൽ. സന്താനോൽപ്പാദനയന്ത്രങ്ങളാണ് പോലും സ്ത്രീകൾ ! പിന്നെ ചിന്നമ്മ വെറുതെയിരിക്കുമോ. ആക്ഷേപിച്ചതിന് ചൂടോടെ കല്യാണിയമ്മയും ചിന്നമ്മയും കൂടങ്ങ് ഇറങ്ങി . ചൂലിൽ ചാണകം മുക്കി മാസികയിൽ ഒരു മറുപടി അങ്ങ് കൊടുത്തു. പിന്നെ ശങ്കരപ്പിള്ളയെ ആരും കണ്ടിട്ടില്ല. അതെങ്ങനെ കാണും , തലയിൽ മുണ്ടിട്ടല്ലേ പിന്നെ അദ്ദേഹം നടന്നത്.

 1907 മുതൽ 1916 വരെ കല്യാണിയമ്മയുടെ ജീവിതം ക്ലേശപൂർണ്ണമായിരുന്നു.ഭർത്താവ് രാമകൃഷ്ണപിള്ള വലിയ പത്രാധിപരാണ്. കാര്യമൊക്കെ ശരി. വരുമാനമില്ല. എഴുത്തിൽ നിന്ന് എന്തു് കിട്ടാനാണ്. അന്നും ഇന്നും എഴുത്തുകാരന്റെ ഗതി ഇത് തന്നെ. കൂനിന്മേൽ കുരു പോലെ1910  സെപ്റ്റംബറിലെ ദേശാഭിമാനിയുടെ നാടുകടത്തലും. ശേലായി.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ കൂടെ ഉള്ള ചെറിയ പണിയും വലിച്ചെറിഞ്ഞിട്ട് കല്യാണിയമ്മയും നാട് വിട്ടു. മദ്രാസിലും പാലക്കാട്ടും താമസിച്ചു. തരവത്ത് അമ്മാളുവമ്മയുടെ കാരുണ്യത്താൽ പാലക്കാട് കുറെക്കാലം താമസിച്ചു.1913 ൽ ബി.എ. പാസ്സായി.

ചിന്നമ്മയാകട്ടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തകൃതിയായി നടത്തി. ദേശാഭിമാനിയുടെ നാടുകട ത്തലിനു ശേഷം ചിന്നമ്മ ഒറ്റപ്പെട്ടു. കല്യാണിയമ്മ പോയില്ലേ? 1911 ൽ ഒരു വനിതാ സമ്മേളനത്തിന് അദ്ധ്യക്ഷയായിപ്പോയ ചിന്നമ്മ തീർഥപാദപരമഹംസരെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം സാമൂഹ്യ രംഗത്തേയ്ക്കു ചുവടു വച്ചു. തിരുവിതാംകൂറിലെ ആണുങ്ങൾക്ക് ശ്വാസം നേരെയായി.

മുൻപേ പല വിചിത്ര സ്വഭാവങ്ങളും ചിന്നമ്മക്കുണ്ടായിരുന്നു.വിദ്യാലയപരിശോധനക്ക് പോകുമ്പോൾ ഹോമിയോപ്പൊതി കൂടി കൊണ്ടുപോകുമായിരുന്നു. ചെന്നു കഴിഞ്ഞാൽ പൊതിയഴിച്ച് വിദ്യാർഥിനികൾക്ക് ഗുളിക കൊടുക്കും. അനാഥക്കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കും. സിസ്റ്റർ നിവേദിതയുടെ മാർഗ്ഗം ചിന്നമ്മയ്ക്ക് മാതൃകാ യോഗ്യമായിത്തോന്നി.

1919 ൽ പന്ത്രണ്ട് അനാഥ ബാലികമാരെയും കൊണ്ട് "ശ്രീ മൂലം ഷഷ്ട്യബ്ദി പൂർത്തി സ്മാരക ഹിന്ദുമഹിളാ മന്ദിരം " ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാവിയിൽ അക്കാലത്തെ ദിവാനു പോലും ആശങ്കയായിരുന്നു. ഒരു സ്ത്രീക്ക് ഇതൊക്കെ ചെയ്യാനാവുമോ?  ദിവാൻ ടി.രാഘവയ്യ പൂജപ്പുരയിൽ ബാലികാമന്ദിരത്തിന് സ്ഥലം അനുവദിച്ചു. കെട്ടിടമായി.

ഇതൊക്കെ തിരുവനന്തപുരത്ത് നടക്കുമ്പോൾ 1915 ൽ ബി.കല്യാണിയമ്മക്ക് കണ്ണൂരിൽ ബാലികാപാഠശാലയിൽ ഉദ്യോഗമായി. അവിടെച്ചെന്ന് പിറ്റേ ക്കൊല്ലം അസുഖ ബാധിതനായ ദേശാഭിമാനി രാമകൃഷ്ണ പിള്ള ദിവംഗതനായി. കരഞ്ഞ് കണ്ണു കലക്കി കല്യാണിയമ്മ വീട്ടിൽ ഒരിടത്ത് കുത്തിയിരുന്നില്ല.

രണ്ട് പൊടിക്കുഞ്ഞുങ്ങളേയും മാറത്തടക്കി സൈദാപ്പേട്ടയിലേക്ക് വണ്ടി കയറി.. അവിടെ  താമസിച്ച്‌ എൽ.ടിക്ക് പഠിച്ച ജയിച്ചു. തിരിച്ച് കണ്ണൂരു വന്ന് 1920 ൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സായി.1932 ജൂണിൽ ട്രെയിനിങ്ങ് സ്ക്കൂൾ സൂപ്രണ്ടായി.കഠിനപ്രയത്‌നത്തിൽ ഒരു സ്ത്രീ നേടിയ വിജയമേ! സ്ത്രീകൾക്കെല്ലാം അഭിമാനിക്കാം. ഇതാണ് സ്ത്രീ ശക്തി.തിരുവിതാംകൂറിൽ ചിന്നമ്മയും ഒറ്റക്ക് കർമ്മ പഥത്തിൽ തുഴയുകയായിരുന്നു. ജോലിയോടൊപ്പം മഹിളാ മന്ദിര പ്രവർത്തനങ്ങളിൽ വ്യാപൃതയായി. ഇതിനിടയിൽ " മഹിളാ മന്ദിരം " എന്നൊരു മാസികയും തുടങ്ങി. (ഇന്നും ആ മാസിക പേരിന് ഇറങ്ങുന്നുണ്ട്. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജനാണ് മഹിളാ മന്ദിരത്തിന്റെ ഇപ്പോഴത്തെഎഡിറ്റർ. )

എവിടെപ്പോയാലും മഹിളാ മന്ദിരത്തിന്റെ ചിന്തയായിരുന്നു ചിന്നമ്മക്ക്. അന്തേവാസികളുടെ എണ്ണം വർദ്ധിച്ചു. അവരുടെ കാര്യങ്ങൾ നോക്കണ്ടേ ? അതുകൊണ്ട് ഇൻസ്പക്ടറുദ്യോഗം തത്കാലം ഒഴിഞ്ഞ് പേട്ട മലയാളം പള്ളിക്കൂടത്തിൽ ഹെഡ്മിസ്ട്രിസ്സായി ചിന്നമ്മ തിരുവനന്തപുരത്ത് വന്നു. താമസിയാതെ വീണ്ടും ഇൻസ്പക്ടർ ഉദ്യോഗത്തിന് തിരുവല്ലയിൽ പോയിത്തുടങ്ങി. 

അലച്ചിലോടലച്ചിൽ ! ഫലമോ മഞ്ഞപ്പിത്തം പിടിച്ചു. കൂടെ വാതവും. രോഗം മൂർഛിച്ച് 1931 ൽ 48-ാം വയസ്സിൽ ചിന്നമ്മ  പരലോകം പൂകി. അകാലത്തിലുള്ള ചരമം.1938 ൽ 23 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് കണ്ണൂരിൽ നിന്ന് ബി. കല്യാണിയമ്മ കോഴിക്കോട്ടേക്ക് താമസം മാറ്റി. 1947 നു ശേഷം 12 കൊല്ലം അവർ ദുഖിതയായിരുന്നു. പുത്രവിയോഗം. ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോയ മകൻ പിന്നെ മടങ്ങിവന്നില്ല. 1959 ഒക്ടോബർ 9 ന് ബി. കല്യാണിയമ്മ അന്തരിക്കുമ്പോൾ പ്രായം 76 വയസ്സ്.7 കൃതികളാണ് കല്യാണിയമ്മ എഴുതിയിട്ടുള്ളത്. 1916 ൽ എഴുതിയതാണ് "വ്യാഴവട്ടസ്മരണകൾ " ഇന്നും ഈ ഗ്രന്ഥം വായിച്ചാൽ കരയും. കരയാത്തവരുടെ ഹൃദയത്തിൽ വെട്ടുകത്തി രാകി കാഞ്ഞിരംവെട്ടാം.

1915 ൽ കല്യാണിയമ്മ ഒരു നോവൽ എഴുതിയിട്ടുണ്ട്. "താമരശ്ശേരി അഥവാ അമ്മുവിന്റെ ഭാഗ്യം " 1930 ൽ രണ്ടാം പതിപ്പും പുറത്തു വന്നു.1921 ൽ "വീട്ടിലും പുറത്തും " പ്രസിദ്ധപ്പെടുത്തി. അതിന് മുമ്പ് വന്ന പുസ്തകമാണ്
"ആരോഗ്യരക്ഷയും ഗൃഹഭരണവും " ,മൂന്ന് ഭാഗങ്ങളുണ്ട്. 1911 ലാണ് ആദ്യ ഭാഗം പുറത്തുവന്നതു് 1912, 1914 വർഷങ്ങളിൽ രണ്ടും മൂന്നും ഭാഗങ്ങളും. ഒരു കാലത്ത് തിരുവിതാംകൂറിലെ പാഠ പുസ്തകമായിരുന്നു.

1940 ൽ "കർമ്മഫലം " എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി." മഹതികൾ " ഒന്നാം ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഫ്ളോറൻസ് നൈറ്റിങ്ഗേൽ, എലിസബത്ത് ഫ്രൈ, ലേഡി റേച്ചൽ റസ്സൽ, ലേഡിജെയിൻ ഗ്രേ,ലേഡി ഗ്രിസ്സൻ ബെയ്ലി എന്നിവരെപ്പറ്റിയുള്ള ജീവചരിത്രങ്ങളാണ്. "ശാരദ " മാസികയിൽ പ്രസിദ്ധപ്പെടുത്തിയ സ്ത്രീ ജീവചരിത്ര ക്കുറിപ്പുകൾ സമാഹരിക്കാതെ ഇനിയും ഏറെയുണ്ട്.

കല്യാണിയമ്മയുടെ അവസാനത്തെ കൃതിയാണ് "ഓർമ്മയിൽ നിന്ന് " 1964 ലാണ് ഇതു് പുറത്തുവന്നത്.1919 ൽ കൊച്ചി രാജാവ് "സാഹിത്യസഖി" ബഹുമതി കല്യാണിയമ്മക്ക് വച്ച് നീട്ടിയതാണ്. മേടിച്ചില്ല. കൊണ്ടു പൊക്കോളാൻ പറഞ്ഞു. ഹും! തിരുവിതാംകൂർ രാ രാജാവ് നാട്ടുകടത്തിയ ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയോടോ കൊച്ചി രാജാവിന്റെ കളി!ബി.കല്യാണി അമ്മ "വ്യാഴവട്ടസ്മരണ"കളിലൂടെ ഇന്നും ജീവിക്കുന്നു. ചിന്നമ്മ മഹിളാ മന്ദിരത്തിലൂടെയും. ഇന്നാരോർക്കുന്നു അതൊക്കെ? തിരുവനന്തപുരത്തെ പുരുഷ കേസരികൾക്കൊപ്പം ,കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീയുടെ അഭിമാനം കൊടിക്കൂറ പോലെ പാറിച്ച ആ സ്ത്രീകളെ ? അവരുടെ സൗഹൃദത്തിന്റെ ഗരിമയെ !