ദിഗംബരസ്മരണകൾ; "സർ ടി.മാധവ റാവുവിന്റെ അഴിമതി";എം. രാജീവ് കുമാർ

d
സർ ടി.മാധവ റാവുവിന് എതിരെ വന്ന അഴിമതിക്കഥയെ കുറിച്ച് എം രാജീവ് കുമാർ എഴുതുന്നു 

എൻ പി. ചെല്ലപ്പൻ നായരുടെ ഒരു കഥയിലുണ്ട്, തിരുവിതാംകൂറിലെ സർക്കാർ ജീവനക്കാർ അടുത്തൂൺ പറ്റിക്കഴിഞ്ഞാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും വീടു കുളം തോണ്ടാറുണ്ടെന്നും.ഇതിന്റെ സത്യാവസ്ഥ തിരക്കി ച്ചെന്നപ്പോഴാണ് മനസ്സിലായതു ഉന്നത പദവിയിലിരുന്ന് പെൻഷ്യൻ പറ്റുന്നവരുടെ സ്ഥിരം പരിപാടിയാണ് അഴിമതി കാണിച്ച് കൈകഴുകി പുറത്തു പോകാമെന്ന പൂതി. ഔദ്യോഗികാധികാരത്തിന്റെ ശീതളഛായയിൽ അതിന് തടയിടാൻ അന്നത്തെ രാജാക്കന്മാർക്ക് ഒന്നേ അറിയാമായിരുന്നുള്ളൂ.സ്ഥാവരജംഗമവസ്തുക്കൾ കണ്ടുകെട്ടുകയും വീടും പറമ്പും കുളം തോണ്ടുകയും ചെയ്യുക. അത് മതിയല്ലോ. 

അന്നത്തെ ദിവാനെന്നു പറഞ്ഞാലാരാ. രാജാവിനും ബ്രിട്ടീഷുകാർക്കും ഇടയിലുള്ള ദൈവം തമ്പുരാനല്ലേ.!അന്യദേശത്തു നിന്ന് ഭരിക്കാൻ കൊണ്ടു വന്ന റാവുമാരാണധികവും കുളം തോണ്ടലിന് വിധേയമായിട്ടുള്ളത്.എന്തായാലും ടി.കെ.മാധവനൊക്കെ സ്വദേശികളെ ഭരണത്തിൽ വാഴിക്കാൻ മുറവിളി കൂട്ടിയതിന്റെ പൊരുൾ മനസ്സിലാക്കാൻ ഒടുവിലെ വിദേശ ദിവാൻ  സർ . ടി. മാധവറാവുവിന്റെ അക്കാലത്തെ  അഴിമതിക്കഥകൾ തന്നെ അധികം. താരതമ്യേന അഴിമതി കുറച്ചു നടത്തിയ മഹാനാണ് സർ.ടി.മാധവറാവു. അപ്പോൾ മറ്റവന്മാരെല്ലാം
 ആനമുക്കികളാവാനേ തരമുള്ളൂ.

ഇന്നും അതൊക്കെത്തന്നെയാവും സെക്രട്ടേറിയറ്റിൽ നടക്കുന്നതെങ്കിലും പുറത്തറിയാത്തതാണോ? അതോ കുളംതോണ്ടുമെന്നുകരുതി അമുക്കി വയ്ക്കുന്നതാണോ?ജനാധിപത്യം വന്നതോടെ
അങ്ങനെ വല്ലവരെയും കുളം തോണ്ടാതെ വിട്ടിട്ടുണ്ടെങ്കിൽ അത്തരം റാവുമാരെ കൂടെ നിർത്തിയ പാർട്ടിയെ ബാലറ്റ് പേപ്പറിലൂടെ കുളം കോരാൻ കേരളത്തിലെജനങ്ങൾക്കറിയാം. പ്രബുദ്ധരാണവർ.

മദ്രാസിൽ അന്നുണ്ടായിരുന്ന "എത്തീനിയം " എന്ന പത്രത്തിൽ "ഫക്ട് " എന്ന കൃത്രിമപ്പേരിൽ വന്ന ലേഖനത്തിലാണ് സർ.ടി.മാധവറാവുവിന്റെ അഴിമതിക്കഥകൾ അച്ചടിച്ചു വന്നത്. "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് " എന്ന പുസ്തകത്തിലും അക്കഥ എടുത്തു ചേർത്തതായി വി.ആർ.പരമേശ്വരൻ പിള്ള എഴുതിയിട്ടുണ്ട്.

എന്തായിരുന്നു മാധവറാവുവിന് എതിരെ വന്ന അഴിമതിക്കഥ ?

(1 ) മഹാരാജാവിനെ നിർബന്ധിച്ച് സ്വന്തം വകക്ക് സർക്കാർ വക അമ്പതിനായിരം വിലയുള്ളൊരു തോട്ടവും വീടും കൂടി കരമൊഴിവാക്കിഎഴുതി വാങ്ങി. (അന്നത്തെ അമ്പതിനായിരം ഇന്നത്തെ അഞ്ച് കോടിയാണെന്നോർക്കണം.)
 

(2 )  വേറെ വീട് പണിയാൻ പതിനായിരം രൂപയും അതിനുവേണ്ട തേക്കും രാജാവിൽ നിന്ന്  നിർബ്ബന്ധിച്ചു വാങ്ങി.
 

3. ഉദ്യോഗത്തിൽ നിന്ന് പിരിയുന്നതിനുമുൻപു തന്നെ
അഞ്ഞൂറുരൂപ പെൻഷൻ അനുവദിപ്പിച്ചു .
 

(4 )എട്ടും പന്ത്രണ്ടും വയസ്സായ ദിവാന്റെ രണ്ട് ആൺമക്കൾക്ക് 25 രൂപ വീതം പ്രതിമാസം പെൻഷൻ അനുവദിപ്പിച്ചു വാങ്ങി.

(5) ഇതിനെല്ലാം തുകയുണ്ടാക്കുന്നതിനു വേണ്ടി തിരുവിതാംകൂർ പട്ടാളത്തിൽ നിന്ന് മുന്നൂറുപട്ടാളക്കാരെ പിരിച്ചയച്ചു.
 

6) പാവം ജനങ്ങളോട് മിതവ്യയം ശീലിക്കാൻ രാജാക്കന്മാരുടെ ഒരു കണ്ണൂരുട്ടലും!

ഇതിവിടെ കുറിച്ചതിന്റെ ധ്വനി മനസ്സിലായിക്കാണുമല്ലോ.ഒന്നോർത്താൽ ഇതൊക്കെ എന്ത് അഴിമതി ?ഇപ്പോൾ നടക്കുന്നതിനെ തട്ടിച്ചു നോക്കുമ്പോൾ! സെക്രട്ടേറിയറ്റിനെതിരെ പ്രതിമയുണ്ടാക്കിയതാരായാലും കൊള്ളാം. എന്നും അവിടിരിക്കുന്നവർക്ക് മാധവ റാവുവിനെ കണ്ടു കൊണ്ട് പണി തുടരാമല്ലോ.ഇനി നവോത്ഥാനം തലക്ക് പിടിച്ച് വിജെടി ഹാളിനെ അയ്യൻകാളി ഹാളാക്കിയതു പോലെ സ്റ്റാറ്റ്യുവിനാരുടെ പേരു കൊടുക്കും?