ദിഗംബര സ്മരണകൾ ;"നിങ്ങളറിയുമോ ജി.പി. ഞെക്കാടിനെ?";എം. രാജീവ് കുമാർ

fa
 ജി.പി. ഞെക്കാടിനെപ്പറ്റി പ്രമുഖ നിരൂപകൻ എം രാജീവ് കുമാർ എഴുതുന്നു 

അറുപതുകളിലും എഴുപതുകളിലും വിലാസിനിക്കും കെ.സുരേന്ദ്രനും
 പി. അയ്യനേത്തിനുമൊപ്പം എഴുതി നിറഞ്ഞ നോവലിസ്റ്റായിരുന്നു ജി.പി. ഞെക്കാട്. ആധുനികരെ വരെ കടത്തി വെട്ടിയ നോവലിസ്റ്റ്!ഡി.സി. കിഴക്കേമുറിയുടെ പ്രായം. തകഴിയേക്കാൾ രണ്ട് വയസ്സിനിളപ്പം.

വർക്കലക്കടുത്ത് ഞെക്കാട് ചെന്നന്വേഷിച്ചാൽ പോലും ജി.പി. ഞെക്കാടിനെപ്പറ്റി അവിടുത്തുകാർക്കറിയില്ല. എങ്ങനറിയും ?. പരമേശ്വരൻ പിള്ളയുടെ മകനെ ? വി.ആർ.ഗോപാല പിള്ള എന്നാണ് ആ നോവലിസ്റ്റിന്റെ യഥാർഥ പേര്. 1914 ൽ ജനിച്ചു. 1981 ൽ 67-ാം വയസ്സിൽ മരിക്കുകയും ചെയ്തു. കേരളത്തിലാണ് ജനിച്ചതെങ്കിലും അധികവും സിംഗപ്പൂരായിരുന്നു ആ തെക്കാട്ടുകാരൻ. ചെയ്യാത്ത ജോലികളൊന്നുമില്ല.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോൾ സിംഗപ്പൂർ,കോലാലംപൂർ എന്നിവിടങ്ങളിലേക്ക് ജോലി അന്വേഷിച്ച് മലയാളികൾ തള്ളിക്കയറി കപ്പലിലൊരു പോക്കുണ്ടായിരുന്നു. കുറെക്കാലത്തിനു മുൻപ് ഗൾഫിലേക്ക് പത്തേമാരിയിൽ ചവിട്ടിക്കയറ്റുന്നത് പോലെ. അങ്ങനെ മദിരാശി തുറമുഖത്തുനിന്ന് 1947 ൽ സിംഗപ്പൂരിലേക്ക് പോയതാണ് അഛനമ്മമാരുടെ ഏക സന്താനം വി.ആർ.ഗോപാല പിള്ള !

മലയാളം ഹയർ പാസ്സാകുന്നതിനു മുമ്പേ ഗോപാല പിള്ളക്ക് എസ്റ്റേറ്റ് കോൺട്രാക്റ്ററായ അമ്മാവന്റെ കൂടെ തെന്മല ടീ എസ്റ്റേറ്റിൽ സഹായിയായി പോകേണ്ടി വന്നു.  അപ്പോൾ ഗോപാല പിള്ളക്ക് വയസ്സ് 12.എസ്റ്റേറ്റ് ജോലിയിലിരുന്നു കൊണ്ട് പഠിച്ച് മലയാളം ഹയർ പാസ്സായി. എട്ടേ എട്ടു കൊല്ലം കഴിഞ്ഞ് എസ്റ്റേറ്റ് വിട്ടു. ലോവർ ഗ്രേഡ് ടീച്ചേഴ്സ് ട്റയിനിങ്  പാസ്സായി. സ്കൂളിൽ അദ്ധ്യാപകനുമായി. അധികം കാലം അവിടെ അടങ്ങി ഒതുങ്ങി നിന്നില്ല പിന്നെയും തിരിച്ച് ടീ എസ്റ്റേറ്റിൽ വന്നു. 

അക്കാലത്ത് തുടങ്ങിയതാണ് എഴുത്ത്. "സർവ്വീസ് " ത്രൈമാസികയിൽമാസികയിൽ! അത് പെട്ടന്നുതന്നെ വച്ചുകെട്ടുകയുംചെയ്തു. 23-ാം വയസ്സിൽ അമ്മാവന്റെ മകളെ കല്യാണം കഴിച്ചു. ഇതിനിടയിൽ പോസ്റ്റൽ ട്യൂഷൻ വഴി ഇംഗ്ലീഷ് പഠിച്ചു. അക്കൗണ്ടൻസിയും കുറെയൊക്കെ പഠിച്ചു.

1947 ലാണ് കപ്പൽ കയറി സിംഗപ്പൂരെത്തുന്നതു്. ആർമി സർവ്വീസിൽ ഒരു ഗുമസ്തനായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. രണ്ട് കൊല്ലത്തിനു ശേഷം മലയാ- സിംഗപ്പൂരിലെ ഏക മലയാള പത്രമായ "കേരള ബന്ധുവിന്റെ " പത്രാധിപസമിതിയിൽ കയറിപ്പറ്റി. പിന്നെ പല വേഷങ്ങൾ കെട്ടിയാടി. സിനിമാ തിയെറ്റർ മാനേജർ, ചാർട്ടേഡ് അക്കൗണ്ടൻസി ഓഫീസിൽ ഗുമസ്തൻ, ഒടുവിൽ ഒരു പരസ്യക്കമ്പനിയിലെ ചീഫ് അക്കൗണ്ടന്റ്! 
പിന്നെ ആ കമ്പനിയിൽ തന്നെ സെക്രട്ടറിയായും ഓഫീസ് മാനേജരായും പൊങ്ങി ഉയർന്നങ്ങ് പാറി.

അങ്ങനെ ഞെക്കാട്ടുകാരൻ "ജെ.പി.ഞെക്കാട് "1962 ൽ നോവൽ എഴുതാൻ തുടങ്ങി. കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു. ഞെക്കാടിനെക്കാൾ പത്ത് പന്ത്രണ്ട് വയസ്സിനിളപ്പമായിരുന്നു വിലാസിനി എന്ന തൂലികാ നാമത്തിലെഴുതിക്കൊണ്ടിരുന്ന എം.കെ.മേനോന്! അദ്ദേഹമാണ് ഞെക്കാടിനെ എഴുത്തിലേക്ക് വഴിതിരിച്ചുവിട്ടതു്. നോവൽ രചനയിലെ ഗുരുനാഥൻ!

വിലാസിനിയുടെ "ഇണങ്ങാത്ത കണ്ണി"കളും ജി.പി. ഞെക്കാടിന്റെ ആദ്യ നോവലായ "കൈതപ്പൂക്കളും"ഒന്നിച്ചാണ് എഴുതിത്തുടങ്ങുന്നതു്. ഞെക്കാടിന്റെ ആദ്യ നോവൽ1966 ലാണ് പുറത്തുവന്നത്. "കൈതപ്പൂക്കൾ ". രണ്ട് കുടുംബങ്ങളുടെ കഥയാണതിൽ. സിംഗപ്പൂരിൽ ചുറ്റിത്തിരിയുകയാണ് നോവൽ.

1967 ൽ " മണൽച്ചിറ" പുസ്തകമായി വന്നു. ധനികനായ അപ്പന്റെ മകൻ ചാക്കോ ഉപദേശിയുടെ മകളെ പ്രേമിച്ച് കെട്ടുകയാണ്. വീട്ടുകാർ തടസ്സം നിന്നത് കാരണം നേരെ സിംഗപ്പൂരിലേക്ക് പെണ്ണിനെയും കൊണ്ട് കടക്കുന്നു.. അവരുടെ മക്കൾ പിന്നെ ലണ്ടനിൽ പോകുന്നു. എല്ലാം പ്രവാസ ജീവിതമാണ്. കേരളമല്ല സിംഗപ്പൂരിലാണ് സകലമാന കഥയും നടക്കുന്നത്.

1969ൽ മൂന്നാമത്തെ നോവൽ പുറത്തു വന്നു. "മരുപ്പച്ചകൾ " അതിലും പ്രമേയം. സ്ഥിരമായി ആവർത്തിക്കുന്നു. ബാല ചന്ദ്രനും ഉഷയും തമ്മിൽ പ്രണയം. വീട്ടുകാർ അടുക്കുന്നില്ല. പെണ്ണിനെയും കൊണ്ട് നായകൻ ഒളിച്ചോട്ടുന്നു; സിങ്കപ്പൂരിലേക്ക്. ഐ.എൻ.എയും കേംബ്രിട്ജ് സർവ്വകലാശാലയുമാക്കെ വരുന്നുണ്ട്. അവിടെ ചൈനക്കാരനുമായുള്ള പ്രണയം വരെയുണ്ട്.

വിലാസിനി സിംഗപ്പൂരിലിരുന്ന് നാട്ടിലെ കട്ട പ്രണയത്തെപ്പറ്റി എഴുതുമ്പോഴാണ് ഞെക്കാട് പ്രേമിച്ച് കപ്പൽ കയറിയ രക്ഷിതാക്കളുടെ മക്കളെ ഇംഗ്ലണ്ടിൽ കൊണ്ടു ചെന്നിരുത്തി ചൈനക്കാരനുമായി സല്ലപിപ്പിക്കുന്നത്.1971ലാണ് ജി.പി. ഞെക്കാടിന്റെ നാലാമത്തെ നോവൽ പ്രസിദ്ധപ്പെടുത്തുന്നത്. "വൃത്തഭംഗം" തേയിലത്തോട്ടത്തിലെ പ്രണയമാണ് വിഷയം.. കാമുകിയെ കെട്ടി കാമുകൻ സിംഗപ്പൂരിലേക്ക് കപ്പൽ കയറുന്നില്ല എന്ന വിക്ഷേ ഈ നോവലിനുണ്ട്. നാട്ടിലാണ് കഥ നടക്കുന്നത്. സിനിമക്കഥകളെ വെല്ലുന്ന കഥകളാണ്. എന്നിട്ടും എന്തേ സിനിമയായില്ല. ?

അഞ്ചാമത്തെ നോവൽ 1974 ലാണ് പ്രസിദ്ധപ്പെട്ടത്തിയത്. "തപസ്സ് " നായിക വിമലയുടെ പ്രണയ തപസ്സാണ് വിഷയം. കാമുകനെ കിട്ടുന്നില്ലെങ്കിലും അവൾ കിണറ്റിലോ പുഴയിലോ ചാടാൻ പോകുന്നില്ല. കർമ്മനിരതയായി ജീവിച്ചു കാണിച്ചു കൊടുക്കുന്നു. നായികാ പ്രധാനമായ നോവലാണിത്. എന്നിട്ടും ഞെക്കാടിന്റെ വിമലയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ ?

1975 ൽ "അഗ്നിപർവ്വതം " പുറത്തു വന്നു. ആറാമത്തെ നോവൽ. കാന്തിമതിയും ഡോക്ടർ ശേഖറും തമ്മിലുള്ള പ്രണയമാണ് വിഷയം. സീസന്റ് പ്രണയം. ഫൗളില്ലാതെ ഗോളടിക്കുന്നു. റഫറിക്ക് മഞ്ഞകാർഡ് ഉയർത്തേണ്ടിവരികയേയില്ല!

1977 ൽ പ്രസിദ്ധപ്പെട്ടത്തിയ  "വഴിയറിയാത്ത യാത്ര" സ്ത്രീജീവിതചിന്തയിലൂന്നി നിന്നുകൊണ്ട് എഴുതിയ നോവലാണ്. സ്ഥിരബന്ധങ്ങളിൽ വിശ്വാസമില്ലാത്ത ലളിതയാണ് മുഖ്യ കഥപാത്രം. അഛൻ മുഴുമിക്കാതെ പോയ നോവൽപൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ലളിത. പല പുരുഷന്മാരുടെ കൂടെ കിടന്നും കറങ്ങി നടന്ന് മദ്യപിച്ചും വലിച്ച് തലക്ക് പിടിപ്പിച്ചും  ഒടുവിൽ ഒരു ചെറുക്കാരൻ " ഹിപ്പി " യുടെ കൂടെ ബോംബയിലേക്ക് പറക്കുയാണ് ലളിത.. 

എം.മുകുന്ദന് വഴിയമ്പലങ്ങൾ തേടാമെങ്കിൽ ജി.പി. ഞെക്കാടിന് വഴിയറിയാത്ത യാത്രയും നടത്താം. എഴുപതുകളിലെ നോവലുകളിലൊന്നിലും അരിച്ചാൽ ലളിതയെപ്പോലെ അടിച്ച് ഫിറ്റായി കഞ്ചാവ് വലിക്കുന്നൊരു പെണ്ണിനെ കണ്ടെത്താനാവില്ല. അന്നത്തെ എം.മുകുന്ദന്റെ നായകന്മാരുടെ പെൺപതിപ്പ് !

അതുകൊണ്ടാവണം "മലയാള നാട്ടി "ൽ ജി.പി. ഞെക്കാടിന്റെ നോവലുകൾ തുടർച്ചയായി പ്രാധാന്യത്തോടെ എസ്.കെ.നായർ പ്രസിദ്ധപ്പെടുത്തിയിരുന്നത്. കെ.പി. അപ്പൻ കാക്കനാടനെ പുകഴ്ത്തുമ്പോൾ കൊല്ലം താലൂക്ക്കാരനായ ഞെക്കാടിനെ കാണാതെ പോയതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല! ഒരു പക്ഷേ സിംഗപ്പൂരിലായതു കൊണ്ടാവുമോ? വിലാസിനിയുടെ കൂട്ടുകാരനായതു കൊണ്ടാവുമോ?

ഞെക്കാടിന്റെ എട്ടാമത്തെ നോവലാണ് "ആവർത്തനം " 1978 ലാണ് പ്രസിദ്ധപ്പെടുത്തിയതു്. ജയദേവനിൽ മനസ്സ് നട്ട് പിന്നാലെ നടന്നിരുന്നവളാണ് കമലം. ആധുനികതയുടെ കാലത്തെ നോവലുകളെല്ലാം അങ്ങനെയല്ലേ? ആണിന്റെ പിറകേ നടക്കുന്ന പെണ്ണുങ്ങൾ. എഴുപതുകളിൽ "മൽഗുണ"ന്മാരായ നായകന്മാരെ സൃഷ്ടിച്ചിട്ടല്ലേ എന്തോ കേമത്തം കാണിച്ചതുപോലെ എം.മുകുന്ദനൊക്കെ ഞെളിഞ്ഞു നടക്കുന്നത്.ഓട്ടോ ഡ്രൈവറുടെ ഭാര്യയെക്കൊണ്ടുവന്നതിനുശേഷമല്ലേ നാല് പെണ്ണുങ്ങളുടെ മുഖത്തു നോക്കാമെന്നായത്.
 
മറ്റേതങ്ങനെ വല്ലതുമാണോ!നല്ലമൊഞ്ചത്തിമാരല്ലേ "അൽ ഗുൽത്തന്മാ"രുടെ പിറകെ നടക്കുന്നത്. പുറം കാലു കൊണ്ട് ഇടക്കിടെ ലവന്മാർ ചവിട്ടിയാലും ഒഴിഞ്ഞു പോകാതെ നല്ല വീട്ടിലെ പെൺപിള്ളേർ അതും സഹിച്ച്നായികന്റെ വാലേൽ തൂങ്ങി നടക്കുമായിരുന്നു. രക്ഷിതാക്കൾ പണിതു കൊടുത്ത മാലയും വളയും അരഞ്ഞാണവുമെല്ലാം ഊരി അവന്മാർക്കു ചാരായം കുടിക്കാൻ കൊടുത്തിട്ട് പ്രണയാതുരകളായി നടന്ന നായികമാരെ ഇപ്പോൾ പൊടിയിട്ടാൽ കാണുമോ?

അതൊരു കാലമാണ്.അക്കാലത്ത് നോവലെഴതി ജനമനസ്സ് കവർന്നെടുത്ത എഴുത്തുകാരനാണ് ജി.പി. ഞെക്കാട്. 1977 ൽ പത്ത് കഥകളുടെ സമാഹാരം പുറത്തുവന്നിട്ടുണ്ട്. "ലഹരി"
കഥകളെല്ലാം സിംഗപ്പൂർ പശ്ചാത്തലത്തിൽ എഴുതിയതാണ്. ഉലയുന്ന കുടുംബ ബന്ധങ്ങളുടെ ചിത്രീകരണമാണ് ജി.പി.ഞെക്കാട് നോവലിൽ നടത്തുന്നതു്. ഇന്നും ആ കഥാപാത്രങ്ങൾ മിഴിവോടെ നിലനിൽക്കുന്നു. മനസ്സിന്റെ ആഴങ്ങളിൽ പോയി മുത്തുവാരാൻ ഇവിടെ തകഴിയും എം.ടി.യും ഒ വി.വിജയനുമൊക്കെയുണ്ടല്ലോ? ഉണ്ടായിരുന്നല്ലോ!അതിനിനി ഞെക്കാട് തലകുത്തിനിന്നാലും നിരൂപകർ അടുപ്പിക്കുമായിരുന്നില്ല. മലയാളത്തിലെ ആധുനികത, നരേന്ദ്രപ്രസാദും കെ.പി. അപ്പനും രാജകൃഷ്ണനു മടങ്ങുന്ന പോളിറ്റ്ബ്യൂറോയുടെ കയ്യിലായിരുന്നല്ലോ.

എന്നാൽ ശരാശരി വായനക്കാരുടെ ആസക്തിക്കുമേൽ കപ്പലോടിക്കാൻ അറുപതുകളിലും എഴുപതുകളിലും ഒരേ ഒരു ഞെക്കാടേ ഉണ്ടായിരുന്നുള്ളൂതാനും.അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും ഡോക്ടർമാരാണ്. മകൻ ഇംഗ്ലീഷിൽ എഴുതുന്ന കവിയും.എഴുപതുകളുടെ ഗൃഹാതുരതയിൽ ഗ്രന്ഥശാലകൾക്ക് മറക്കാനാവുമായിരുന്നോ ജെ.പി. ഞെക്കാടിനെ!