×

സി.പി.എം ചോരക്കളി നിര്‍ത്തിയോ ? സ്വകാര്യ സര്‍വ്വകലാശാലയാകാമോ

google news
.

പുഷ്പനെ അറിയാമോ...നമ്മുടെ പുഷ്പനെ അറിയാമോ..എന്ന വിപ്ലവ ഗാനം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ഇനി കേട്ടിട്ടില്ലാത്തവര്‍ ഒന്ന് കേള്‍ക്കണം. ശരീരം തളര്‍ന്നു നിത്യ ശയ്യയില്‍ ആയിപ്പോയ പുഷ്പന്‍ സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിപ്പട്ടികയിലെ ഒന്നാമനാണ്. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ സ്വര്‍ഗത്തിലും. 1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ പോലീസിന്റെ വെടിവെയ്പ്പുണ്ടായത്. വിദ്യാഭ്യാസ കച്ചവടത്തിനും, വിദ്യാഭ്യാസത്തെ സ്വകാര്യ വതിക്കരിക്കുന്ന സര്‍ക്കാര്‍ നയത്തിനുമെതിരേ ആയിരുന്നു ആ സമരം. ഒരു സഹകരണ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരത്തിന്റെ ബാക്കി പത്രം കൂടിയാണ് സഖാവ് പുഷ്പന്‍. 

.

വിദ്യാഭ്യാസത്തിന്റെ സ്വകാര്യ വത്ക്കരണം, ബുര്‍ഷ്വാ നയമാണെന്ന് അന്നും എന്നും വാദിച്ചിരുന്ന ഇടതുപക്ഷം 2024ലെ ബജറ്റിലൂടെ വലതുപക്ഷ വ്യക്തമായ വ്യതിചലനം നടത്തിയിരിക്കുന്നു. കെ.എന്‍ ബാലഗോപാല്‍ എന്ന ധനമന്ത്രിയിലൂടെ പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് കേരളത്തോട് വെളിപ്പെടുത്തിയപ്പോള്‍ ചോര പൊടിഞ്ഞത്, കൂത്തുപറമ്പ് രക്ത സാക്ഷികളുടെ കുടുംബാംഗങ്ങളുടെ നെഞ്ചിലാണ്. പാര്‍ട്ടിയുടെ നിലപാടുകള്‍ കാലഭേദമനുസരിച്ച് മാറ്റാനുള്ളതാണെങ്കില്‍ പിന്നെന്തിന്, കുടുംബത്തിന്റെ അത്താണികളായവര്‍ ബലിയാടുകളായി. ഈ ചോദ്യമാണ് രക്തസാക്ഷികളായ കെ കെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവരുടെ കുടുംബങ്ങളില്‍ നിന്നുയരുന്നത്.

. 

എന്തിനെയും ആദ്യം എതിര്‍ക്കുക, ശേഷം അതിന്റെ വക്താക്കള്‍ ആയി ക്രെഡിറ്റ് എടുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള ബജറ്റിലൂടെ പ്രഖ്യാപിച്ചത്. 'കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങും, വിദേശ സര്‍വകലാശാലകള്‍ തുടങ്ങും, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍. എസ്.എഫ്.ഐ താത്വികമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ തീരുമാനവുമായുള്ള അന്തര്‍ധാര സജീവമാക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപവും, സ്വകാര്യ സര്‍വ്വകലാശാലകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാകാമെന്നും, എന്നാല്‍ വിദേശ സര്‍വ്വകലാശാലകള്‍ തുടങ്ങരുതെന്നുമാണ് എസ്.എഫ്.ഐയുടെ നിലപാട്. 

.

കേരളത്തിലെ വിദ്യാര്‍ഥി, യുവജനങ്ങളെ ചാവേര്‍പ്പടകളാക്കി കൊലക്ക് കൊടുത്തിട്ട്, 'പുഷ്പ്പനെ അറിയാമോ' എന്ന് പാട്ടും പാടി ഓരോ വര്‍ഷവും പിരിവും നടത്തി രക്തസാക്ഷി ദിനം ആചരിക്കുന്ന സി.പി.എമ്മിന്റെ സ്വകാര്യ വത്ക്കരണ മുഖമാണ് കേരളം നിയമസഭയില്‍ കണ്ടത്. സ്വാശ്രയ സമരം നടത്താന്‍ സാധാരണക്കാരന്റെ മക്കളെ ചാവേറുകളാക്കി കലാപത്തിലേക്ക് തള്ളി വിടുമ്പോഴും മാസപ്പടി വാങ്ങുന്ന മകളും, മകനും ഒക്കെ സ്വാശ്രയ കോളേജുകളില്‍ പഠിക്കുയായിരുന്നുവെന്നു കൂടി നേതാക്കള്‍ സമ്മതിക്കണം. പോരെങ്കില്‍ വിദേശ സര്‍വകാലശാലകള്‍ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യയുടെ മുന്‍ നയതന്ത്ര പ്രതിനിധിയും, വിദേശ കാര്യ വിദഗ്ധനുമായ ടി പി ശ്രീനിവാസനെ ഒറ്റയടിക്ക് താഴെയിട്ട ചരിത്രം അത്ര പെട്ടെന്നു മറക്കാനാകില്ല. 

.

1980നും 1990നും ഇടയിലാണ് ആലപ്പുഴയിലെ കയര്‍ ഫാക്ടറികളില്‍ തൊഴിലാൡകള്‍ സമരത്തിലേര്‍പ്പെട്ടത്. സുശീലാ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സമരം. തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ക്കും യന്ത്രവല്‍കൃത റാട്ടുകള്‍ക്കുമെതിരെയായിരുന്നു പോരാട്ടം. യന്ത്രം വരുന്നതോടെ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട്, പെരുവഴിയിലാവുമെന്നായിരുന്നു സി.പി.എമ്മിന്റെ വാദം. പക്ഷെ സംഭവിച്ചതോ, ആ പരമ്പരാഗത വ്യവസായം തന്നെ മുച്ചൂടും മുടിഞ്ഞുപോയി. പിന്നീട് സി.പി.എം നേതാവായ അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ തന്നെ കയര്‍ മേഖലയില്‍ യന്ത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ് ചരിത്രം. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. 

.

കുട്ടനാട്ടില്‍ ട്രാക്ടറുകള്‍ക്കെതിരായ സമരം അതിന് മുന്‍പേ വിജയകരമായി നടന്നിരുന്നു. നിലം ഉഴാന്‍ കൊണ്ടു വന്ന ട്രാക്ടറുകള്‍ തല്ലിപ്പൊട്ടിച്ച് കായലില്‍ താഴ്ത്തി. ഇന്നിപ്പോള്‍ കുട്ടനാട്ടില്‍ ആവശ്യത്തിന് ട്രാക്ടറുകള്‍ മാത്രമല്ല, മെതിയടിയന്ത്രങ്ങളും കിട്ടുന്നില്ല എന്ന പരാതിയും പറഞ്ഞാണ് സമരം. കംപ്യൂട്ടര്‍ വിരുദ്ധ സമരം ഇടതുപക്ഷത്തിന്റെ സ്വാഭിമാന പ്രശ്‌നമായിരുന്നു. അന്ന് കംപ്യൂട്ടറുകള്‍ തല്ലിപ്പൊട്ടിച്ചാണ് വീര്യം കാട്ടിയത്. ഇന്ന് കംപ്യൂട്ടറില്ലാതെ ജീവിക്കാനാവില്ല. എന്തിന്, ധമന്ത്രിയുടെ ബജറ്റ് പ്രസംഗം പോലും ടാബില്‍ നോക്കിയായിരുന്നു. ലോകബാങ്ക്, എ.ഡി.ബി, സാമ്രാജ്യത്വ കുത്തകകള്‍, ആഗോള ഭീമന്മാര്‍, അമേരിക്ക തുടങ്ങി ഉറക്കത്തില്‍ പോലും നമ്മളെ പേടിപ്പിച്ചിരുന്ന കഥാപത്രങ്ങള്‍ എത്രയെണ്ണം വേറെ. 

.

ഇതൊക്കെ ഇപ്പോള്‍ എങ്ങോട്ടു പോയെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇതില്‍ എ.ഡി.ബിക്കാരുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചതായിരുന്നു ഏറ്റവും വലിയ കോമഡി. ഇടതുപക്ഷം ഒഴിച്ച കരി ഓയില്‍ എ.ഡി.ബി തൂത്തു കളഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ നിന്നു തന്നെ കടവും വാങ്ങി. ലണ്ടനിലെ സ്റ്റോക്ക് എക്സ്‌ചേഞ്ച് എന്നു പറഞ്ഞാല്‍ ആഗോള ഭീകര ശക്തികളുടെ ആസ്ഥാനം എന്നായിരുന്നു കവല പ്രസംഗം. അവിടെയാണ് നമ്മള്‍ മസാല ബോണ്ടും കൊണ്ടു ചെന്ന് മണി അടിച്ചത്. ഇതൊക്കെയാണ് ഇടതുപക്ഷത്തിന്റെ വലതുപക്ഷ സാമ്പത്തിക വ്യതിചനം. ഇങ്ങനെ നോക്കിയാല്‍ സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകാലാശാലകളേയും കേരളത്തിലേക്ക് കൊണ്ടു വരേണ്ടത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ചരിത്രപരമായ കടമയാണെന്ന് മനസ്സിലാക്കേണ്ടി വരും. കാരണം അത്ര കഠിനമായിട്ടാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ നയത്തെ ഇടതു പക്ഷം എതിര്‍ത്തിരുന്നത്. ആ കാഠിന്യത്തിന് ബലി കൊടുക്കേണ്ടി വന്ന ജീവനുകള്‍ ഇന്നും ഗതികിട്ടാതെ അലയുന്നുണ്ട്. ആ കാഠിന്യത്തില്‍ ശരീരം തളര്‍ന്നു പോയ പുഷ്പനെ നോക്കി ഇനിയും നിങ്ങള്‍ പാടിക്കൊണ്ടേ ഇരിക്കണം. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags