ഗുസ്തി താരങ്ങളുടെ സമരം; പ്രതിഷേധക്കാരെ നേരിൽ കാണുമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ

Sports Minister Anurag Thakur said he would meet the protesters in person
 

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ പ്രതിഷേധക്കാരെ നേരിൽ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ന് രാത്രി 10:00 ന് പ്രതിഷേധക്കാരെ കാണുകയും ആവശ്യങ്ങൾ കേൾക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

‘ഗുസ്തിക്കാരുടെ ആരോപണങ്ങൾ കണക്കിലെടുത്ത് കായിക മന്ത്രാലയം ഡബ്ല്യുഎഫ്‌ഐക്ക് നോട്ടീസ് അയയ്ക്കുകയും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന ക്യാമ്പും അടിയന്തര പ്രാബല്യത്തിൽ മാറ്റിവച്ചു. ഞാൻ ഡൽഹിയിൽ പോയി ഗുസ്തിക്കാരെ കാണും, ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. ഞങ്ങൾ അവരോട് സംസാരിക്കുകയും അവരെ കേൾക്കുകയും ചെയ്യും’-അനുരാഗ് ഠാക്കൂർ ANI യോട് പറഞ്ഞു.

 
ഒളിമ്പ്യൻമാരായ വിനേഷ് ഫൊഗട്ട്, രവി കുമാർ ദാഹിയ, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹിയിൽ താരങ്ങൾ പ്രതിഷേധിക്കുന്നത്. ലഖ്‌നോവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ചില കോച്ചുമാരും ബ്രിജ് ഭൂഷണും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിനേഷ് ഫൊഗട്ട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നും ദേശീയ റെസ്‌ലിങ് ഫെഡറേഷനെയും നിരവധി സംസ്ഥാന അസോസിയേഷനുകളെയും പിരിച്ചുവിടണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

ആരോപണം സംബന്ധിച്ച് റെസ്‌ലിങ് ഫെഡറേഷനോട് കായികമന്ത്രാലയം വിശദീകരണം തേടിയിരുന്നു. 72 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.