നെറ്റിയിൽ രണ്ട് മുറിവ്, കാൽമുട്ടിലെ ലിഗമെന്റിന് പരിക്കേറ്റു; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ; പ്രാർത്ഥനയോടെ ക്രിക്കറ്റ് താരങ്ങൾ

 BCCI reveal full extent of Rishabh Pant injuries
 

മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വലത് കാൽമുട്ടിലെ ലിഗമെന്‍റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ അറിയിച്ചു. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. നിലവില്‍ ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്.


നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കല്‍ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്‍റെ ആഘാതത്തില്‍ നിന്ന് താരത്തിന് പുറത്ത് വരാന്‍ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ചില്ലുകള്‍ സ്വയം തകര്‍ത്താണ് താരത്തെ പുറത്തുവന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കി.


അതേസമയം, പന്തിന് ഗുരുതരമായ പരിക്കുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാക്സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്‌നിക് മാധ്യമങ്ങളോട് പറഞ്ഞു. പന്തിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ദെഹ്റാദൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറുകയായിരുന്നു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. 

 
ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. വസീം അക്രം, ഷൊഐബ് അക്തർ, ഷഹീൻ അഫ്രീദി, ഷൊഐബ് മാലിക് തുടങ്ങി വിവിധ പാക് താരങ്ങൾ ഋഷഭ് പന്തിന് വേഗം സുഖമാവട്ടെ എന്ന ആശംസ പങ്കുവച്ചു.