ചേതന്‍ ശര്‍മ്മ വീണ്ടും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ

Chetan Sharma
 

മുംബൈ: ചേതൻ ശർമ്മ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ. ശിവ്സുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, എസ് ശരത് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. 

ചേതന്‍ ശര്‍മ്മ ഒഴികെ സെലക്ഷൻ കമ്മിറ്റിയിൽ നാല് പേരും പുതുമുഖങ്ങളാണ്. ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് നവംബറിൽ ചേതൻ ശർമ്മയെ ബിസിസിഐ പുറത്താക്കിയിരുന്നു.

പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐക്ക് ലഭിച്ച അറുന്നൂറോളം അപേക്ഷകളില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ ക്രിക്കറ്റ് ഉപദേശക സമിതി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അശോക് മല്‍ഹോത്ര, സുലക്ഷന നായിക്, ജതിന്‍ പരാഞ്ജ്പെ എന്നിവരാണ് ബിസിസിഐ ഉപദേശക സമിതി അംഗങ്ങള്‍. അപേക്ഷകരുടെ അഭിമുഖങ്ങള്‍ ഉപദേശക സമിതി നടത്തിയിരുന്നു. 

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 1 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും.