കോമൺവെൽ‌ത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

 Mirabai Chanu wins first gold for India in weightlifting
 

 
ബർമിങ്ങാം:
കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.


ടോക്യോ ഒളിമ്പിക്‌സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്‌നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 കിലോയും ഉയര്‍ത്തിയാണ് ചാനു സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. കോമണ്‍വെല്‍ത്ത് റെക്കോഡും താരം സ്വന്തമാക്കി.

കോമൺവെൽത്തിൽ ഇന്ത്യയുടെ മൂന്നാം മെ‍ഡൽനേട്ടമാണിത്. ആദ്യ രണ്ടു മെഡലും ഭാരോദ്വഹനത്തിൽ തന്നെയാണ്. പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 55 കിലോ ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലാണ് മെഡൽ നേട്ടം.

 
ആകെ 248 കിലോ ഭാരമാണ് സങ്കേത് സാര്‍ഗാർ ഉയർത്തിയത്. മലേഷ്യയുടെ ബിൻ കൻസാദ് അനിഖിനാണ് ഈയിനത്തിൽ സ്വർണം. ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോദഗെ വെങ്കലം നേടി. 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി.