മാർഷ്-വാർണർ ഷോ; രാജസ്ഥാനെതിരെ ഡൽഹിക്ക് എട്ട് വിക്കറ്റ് വിജയം

Delhi Capitals Defeat Rajasthan Royals By 8 Wickets
 

മുംബൈ: ഐപിഎല്ലിൽ ആറാം വിജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷകൾ കൈവിടാതെ ഡൽഹി ക്യാപിറ്റല്‍സ്. രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. 161 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. ഒരു റണ്ണെടുക്കും മുൻപേ ആദ്യ വിക്കറ്റ നഷ്ടമായ ഡൽഹിക്കായി ഡേവിഡ് വാർണർ– മിച്ചൽ മാർഷ് കൂട്ടുകെട്ടാണു വിജയമുറപ്പിച്ചത്. 

മിച്ചൽ മാർഷ് 62 പന്തിൽ നിന്ന് ഏഴ് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 89 റൺസ് എടുത്തപ്പോള്‍ വാർണർ 41 പന്തിൽ നിന്ന് ഒരു സിക്‌സിന്‍റേയും 5 ഫോറുകളുടേയും അകമ്പടിയിൽ 52 റൺസ് നേടി. ക്യാപ്റ്റൻ ഋഷഭ് പന്ത് 13 റണ്‍സെടുത്തു. 

നേരത്തെ അർധ സെഞ്ച്വറിയുമായി തിളങ്ങിയ രവിചന്ദ്ര അശ്വിന്‍റെ മികവിലാണ് രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അശ്വിൻ 38 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 50 റൺസെടുത്തു. ദേവദത്ത് പടിക്കൽ 30 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും ആറ് ഫോറുകളുടേയും അകമ്പടിയിൽ 48 റൺസെടുത്തു. 

ഡൽഹിക്കായി മിച്ചൽ മാർഷും ആന്‍ഡ്രിച്ച് നോര്‍ക്കേയും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.