ഡ്യൂറന്റ് കപ്പ്: ക്വാർട്ടർ ഫൈനലിൽ തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്ത്

Durant Cup- Kerala Blasters are out after losing to Mohammedans
 

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ക്വാർട്ടർ ഫൈനലിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊൽക്കത്തൻ കരുത്തരായ മുഹമ്മദൻസിനോട് മൂന്ന് ഗോളിനാണ്  ബ്ലാസ്റ്റേഴ്സ് തോറ്റത്. 

മുഹമ്മദൻസിനായി ദൗദ ഇരട്ടഗോൾ നേടി. എസ്.കെ ഫയാസ് ഒരു ഗോള്‍ നേടി. ക്വാർട്ടറിൽ വീണെങ്കിലും ടൂർണമെന്റിലാകെ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കൗമാരനിരയുടേത്. രണ്ട് വീതം ജയവും തോൽവിയും ഒരു സമനിലയുമായി തലയുയർത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.

മുഹമ്മദൻസിനെതിരെയും മാറ്റമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്. ഗോൾകീപ്പറായി ക്യാപ്റ്റൻ സച്ചിൻ സുരേഷ് അണിനിരന്നു. എച്ച് മർവാൻ, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഗൗരവ്, മുഹമ്മദ് അയ്മെൻ, റോഷൻ ഗിഗി, മുഹമ്മദ് അജ്സൽ എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ തുടർന്നു. 

മുഹമ്മദൻസിനായി മാവിയ, സഫിയുൾ, എൻഡിയായെ, അംബേകർ, നൂറുദ്ധീൻ, ഷഹീൻ, എസ് കെ ഫയാസ്, മാർക്സ് ജോസഫ്, ഥാപ്പ, ഗോപി, അസ്ഹർ എന്നിവരും കളത്തിലെത്തി.