സ്‌റ്റോക്ക്‌സും സാം കറനും തിളങ്ങി; ട്വന്റി 20 കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലണ്ട്

England Win T20 World Cup Final
 

മെല്‍ബണ്‍: ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കറനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

49 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്.

ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ഇതോടെ പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.
 
നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.