കിവീസിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്

India Become World No.1 In One-Day Format After Series Sweep Against New Zealand
 

ഇന്ദോര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്ക് ഇന്ത്യ തിരിച്ചുപിടിച്ചു.  

സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ മാത്രമാണ് കിവീസിനായി പിടിച്ചുനിന്നത്. 100 പന്തുകളിൽ നിന്ന് 138 റൺസാണ് കോൺവെ നേടിയത്. ടീം അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണർ ഫിൻ അലനെ ന്യൂസിലാൻഡിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത് കോൺവെയും നിക്കോളാസും തിരിച്ചുവന്നെങ്കിവും കുൽദീപ് യാദവ് ഈ സഖ്യം പൊളിച്ചു.

മൂന്നാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. ശർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാനായില്ല.  ഹെന്റി നിക്കോളാസ്(42) ആണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 

ഇന്ത്യക്ക് വേണ്ടി ശർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, ഉംറാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി പിന്തുണകൊടുത്തു.


നേരത്തെ, ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 പന്തിൽ 101 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 112 റൺസെടുത്തു.

രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. ഒരു ഘട്ടത്തിൽ സ്കോർ 500 മുകളിൽ ഏറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബൗളർമാർ നല്ലരീതിയിൽ തിരിച്ചുവരവ് നടത്തി. രോഹിത്തും ഗില്ലും പുറത്തായതോടെ റൺ ഒഴുക്ക് കുറഞ്ഞു.
   
വിരാട് കോലി(36) ഇഷാന്‍ കിഷൻ(24) സൂര്യകുമാര്‍ യാദവ്(14) എന്നിവർ അധികം വൈകാതെ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി.

 
ന്യൂസീലന്‍ഡ് ബൗളിങ് നിരയിലെ എല്ലാവരും കണക്കിന് പ്രഹരമേറ്റുവാങ്ങി. ജേക്കബ് ഡഫി 10 ഓവറില്‍ 100 റണ്‍സാണ് വഴങ്ങിയത്. മൂന്ന് വിക്കറ്റും താരം വീഴ്ത്തി. ബ്ലെയര്‍ ടിക്‌നറും മൂന്ന് വിക്കറ്റെടുത്തു.
 
      
ഇന്ത്യൻ ടീം പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, ഉമ്രാൻ മാലിക്ക്.

ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ഫിൻ അലൻ, ഡെവോൺ കോൺവെ, ഹെൻറി നിക്കോള്‍സ്, ഡാരിൽ മിച്ചൽ‌, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കിൾ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.