ന്യൂസീലൻഡിനോട് തോറ്റു; ഇന്ത്യ ഹോക്കി ലോകകപ്പിൽനിന്ന് പുറത്ത്

India Out Of Quarter-final Race After Loss To New Zealand In Shootout
 

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്. ന്യൂസിലാന്‍ഡാണ് ഇന്ത്യയെ തോല്‍പിച്ചത്. ക്രോസ് ഓവർ മത്സരത്തിൽ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോൽവി(4-5). ഏകദിന ലോകകപ്പ് ക്രിക്കറ്റിലുൾപ്പെടെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ്, ഇന്ത്യയുടെ വഴി മുടക്കിയിരുന്നു.


നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ, പെനൽറ്റി ഷൂട്ടൗട്ട് ഇന്ത്യയുടെ വിധി കുറിച്ചു.  ഷൂട്ടൗട്ടില്‍ ന്യൂസീലന്‍ഡിനായി സീന്‍ ഫിന്‍ഡ്‌ലി രണ്ട് തവണയും നിക് വുഡ്‌സ്, ഹൈഡന്‍ ഫിലിപ്‌സ്, സാം ലെയ്ന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാര്‍ പാല്‍ രണ്ടു തവണയും ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവര്‍ക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെര്‍ സിങ്ങിന്റെ രണ്ട് കിക്കും പാഴായി. മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് പരിക്കേറ്റതിനാല്‍ കൃഷന്‍ ബഹാദൂര്‍ പഥകാണ് ഗോള്‍വല കാത്തത്.

ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ ന്യൂസീലൻഡ് നേരിടും.