ക്രിക്കറ്റിൽ മെഡലുറപ്പിച്ച് ഇന്ത്യ; അവസാന ഓവർ ത്രില്ലറിൽ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍

India womens beat England to reach Final
 

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആവേശപ്പോരില്‍ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

അവസാന രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി പൂജ വസ്ട്രക്കര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ച് നതാലി സ്കൈവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ സ്കൈവര്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന സ്മൃതി ഈ മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 32 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 61 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

31 പന്തുകളില്‍ നിന്ന് പുറത്താവാതെ 44 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും 22 റണ്‍സ് നേടിയ ദീപ്തി ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഇരുവരും നടത്തിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 164-ല്‍ എത്തിച്ചത്. 

ഇംഗ്ലണ്ടിനുവേണ്ടി ഫ്രേയ കെംപ് രണ്ട് വിക്കറ്റെടുത്തു.

165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. എന്നാല്‍ 41 റണ്‍സെടുത്ത നായിക നാറ്റ് സൈവറിന്റെ പ്രകടനം ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചു. 35 റണ്‍സെടുത്ത ഡാനി വ്യാട്ടും 31 റണ്‍സ് നേടിയ എമി ജോണ്‍സും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണ രണ്ടുവിക്കറ്റെടുത്തു.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവരെയാണ് ടീം തോല്‍പ്പിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്.
 

ഫൈനലില്‍ ഓസ്‌ട്രേലിയയോ ന്യൂസീലന്‍ഡോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.