'ഹാര്‍ഡ് ഹിറ്റ്‌' പാണ്ഡ്യ ഷോ; ആവേശപ്പോരില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

sdf
 

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സ് അടിച്ച ഹാർദിക് പാണ്ഡ്യയയാണ് വിജയ റൺ കുറിച്ചത്. 

രവീന്ദ്ര ജഡേജ (29 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33*) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം (1 പന്തിൽ 1*) ചേർന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചു.

 
മോശം തുടക്കമാണ് ഇന്ത്യക്കും ലഭിച്ചത്. ഓപ്പണർ കെ.എൽ.രാഹുലിന്റെ (പൂജ്യം) വിക്കറ്റ് രണ്ടാം പന്തിൽ തന്നെ വീണു. അരങ്ങേറ്റക്കാരൻ നസീം ഷായാണ് രാഹുലിനെ ഗോൾ‍ഡൻ ഡക്കായി പുറത്താക്കിയത്. പിന്നാലെയെത്തിയത്, നൂറാം രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന മുൻ ക്യാപ്റ്റൻ വിരാട് കോലി. ക്യാപ്റ്റൻ രോഹിത് ശർമയെ (18 പന്തിൽ 12) കാഴ്ചകാരനാക്കി കോലി അടിതുടങ്ങിയതോടെ ഇന്ത്യൻ സ്കോർബോർഡ് മെല്ലെ ചലിച്ചു. 34 പന്തിൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടെ 35 റൺസാണ് കോലി എടുത്തത്.

എട്ടാം ഓവറിൽ മുഹമ്മദ് നവാസിനെ സിക്സർ പറത്തി രോഹിത്തും ഗിയർ മാറ്റിയെങ്കിലും ആ ഓവറിൽ തന്നെ പുറത്തായി. ബാറ്റിങ് ഓർഡറിൽ പ്രമോഷൻ ലഭിച്ച രവീന്ദ്ര ജ‍ഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. പത്താം ഓവറിൽ നവാസ് തന്നെ കോലിയെയും വീഴ്ത്തി. പിന്നീടെത്തിയെ സൂര്യകുമാർ യാദവിനും (18 പന്തിൽ 18) അധികം ആയുസ്സ് ഉണ്ടായില്ല. പിന്നീടാണ് ജഡേജയും ഹാർദ്ദിക്കും ഒത്തുചേർന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറിന്റെ ആദ്യ പന്തിലാണ് ജഡേജ പുറത്തായത്. 

 
പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.