ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍

path
 

 

ന്യൂഡല്‍ഹി:  വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പന്ത് പൊലീസിനോട് വ്യക്തമാക്കി. അതേസമയം, ഇന്നു പുലര്‍ച്ചെ ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. 

അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരം രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.

തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ട്. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.