എഐഎഫ്എഫ്‌ അധ്യക്ഷനായി കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു

kalyan chowbe
 

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പർ കൂടിയായ കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തിലാണ്  ചൗബെ തെരഞ്ഞെടുക്കപ്പെട്ടത്. ഒരേയൊരു വോട്ട് മാത്രമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ബൂട്ടിയക്ക് ലഭിച്ചത്.

ഇതാദ്യമായാണ് ഒരു ദേശീയ ഫുട്ബോള്‍ താരം എഐഎഫ്എഫിന്റെ അധ്യക്ഷനാകുന്നത്. ബിജെപി നേതാവു കൂടിയായ കല്യാണ്‍ ചൗബേയ്ക്ക് അനുകൂലമായി 33 സംസ്ഥാന അസോസിയേഷനുകള്‍ വോട്ടു ചെയ്തു. 34 സംസ്ഥാന അസോസിയേഷനുകള്‍ക്കാണ് വോട്ടവകാശമുള്ളത്.

കല്യാണ്‍ ചൗബയെ ഗുജറാത്ത്, അരുണാചല്‍പ്രദേശ് അസോസിയേഷനുകളാണ് നാമനിര്‍ദേശം ചെയ്തത്. മോഹൻ ബഗാന് വേണ്ടിയും ഈസ്റ്റ്ബംഗാളിന് വേണ്ടിയും കല്യാൺ ചൗബേ കളിച്ചിട്ടുണ്ട്. കളിയില്‍ നിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലിറങ്ങിയ ചൗബേ ബിജെപി ടിക്കറ്റിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.