ബ്ലാസ്റ്റേഴ്‌സിന്‍റെ പടയോട്ടം തുടരുന്നു; ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയം

ബ്ലാസ്റ്റേഴ്‌സിന്‍റെ പടയോട്ടം തുടരുന്നു; ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയം
 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പടയോട്ടം തുടരുന്നു. സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്പൂർ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.
 
 
നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 9 ആം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനുവദിക്കാതെ ജംഷദ്പുർ 17ആം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

31 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റാവുമായാണ് ഇറങ്ങിയത് ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ 65 ആം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കേരളത്തിനായി.
 
30 പോയിന്റുള്ള മുംബൈ സിറ്റി എഫ്.സിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 28 പോയിന്റുമായി ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റായി. ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തോറ്റു. തുടർന്നാണ് ടീമിന്റെ അപരാജിത കുതിപ്പ്. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.